പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ച് ചക്കിട്ടപാറ പഞ്ചായത്ത്


ചക്കിട്ടപാറ: പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയ ചക്കിട്ടപാറ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പഞ്ചായത്ത് സംഘടിപ്പിച്ച വിജയാരവം 2021 പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികളെ ആദരിച്ചത്. 64 വിദ്യാര്‍ത്ഥികളാണ് പഞ്ചായത്തില്‍ ഈ വര്‍ഷം പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ-പ്ലസ് കരസ്ഥമാക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മികച്ച വിജയം കൈവരിച്ച സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ കുളത്തുവയലിന് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ഉപഹാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് കൈമാറി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ചക്കിട്ടപാറ പഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. ബിന്ദു വത്സന്‍, കെ.എ ജോസ് കുട്ടി, ലൈസ ജോര്‍ജ്, വിനീത മനോജ്, രാജേഷ് തറവട്ടത്ത്, വര്‍ഗ്ഗീസ് കോലത്തുവീട്ടില്‍, രാജന്‍ വര്‍ക്കി, ഷിജു എഴുത്താണി കുന്നേല്‍, അബിയ ബെന്നി എന്നിവര്‍ സംസാരിച്ചു.