പ്രായം 15 വയസിനു മുകളിലാണോ? പട്ടികയിൽ 15 ലക്ഷത്തോളം പേര്‍; കൊവിഡ് വാക്സിന് ക്രമീകരണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: 15 വയസിനു മുകളിൽ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് 19 വാക്സിനേഷന് കേന്ദ്രം അനുമതി നല്‍കിയതോടെ വാക്സിനേഷന് തയ്യാറെടുത്ത് സംസ്ഥാനവും. കുട്ടികള്‍ക്ക് വാക്സിൻ എത്തിക്കാൻ കേരളം സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 15, 16, 17 വയസ് പ്രായമുള്ള ഏകദേശം 15 ലക്ഷത്തോളം കുട്ടികള്‍ക്കാണ് വാക്സിൻ എത്തിക്കേണ്ടത്.
കുട്ടികളുടെ ജനനത്തീയതി പരിശോധിച്ച് ആരോഗ്യനിലയും കണക്കിലെടുത്തായിരിക്കും വാക്സിൻ നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും വാക്സിനേഷൻ സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് 19 അവലോകനയോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. കേന്ദ്രസര്‍ക്കാരിൽ നിന്ന് സംസ്ഥാനത്തേയ്ക്ക് വാക്സിൻ എത്തുന്നത് അനുസരിച്ച് അതിവേഗം വാക്സിനേഷൻ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിലവിൽ സംസ്ഥാനത്ത് 26 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് 18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷനു വേണ്ടി എത്തിച്ചതാണ്. രണ്ടാം ഡോസ് ലഭിക്കാനായി വിവിധ ജില്ലകളിൽ ഇനിയും നിരവധി പേരുണ്ട്. അതേസമയം, ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്സിനേഷന് മുൻഗണന കൊടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 18 വയസിനു മുകളിൽ പ്രായമുള്ള, ഇനിയും വാക്സിനെടുക്കാൻ ബാക്കിയുള്ളവര്‍ ജനുവരി രണ്ടിനു മുൻപായി വാക്സിൻ സ്വീകരിക്കണമെന്നും ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എല്ലാവര്‍ക്കും വാക്സിൻ ലഭ്യമായി എന്ന് ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കുട്ടികള്‍ക്കുള്ള വാക്സിനു പുറമെ ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പട്ടികയിൽ 5.5 ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്. ജനുവരി പത്ത് മുതലാണ് ബൂസ്റ്റര്‍ ഡോസ് വാക്സിനേഷൻ ആരംഭിക്കുക. കൂടാതെ 60 വയസിനു മുകളിൽ പ്രായമുള്ള, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും ബൂസ്റ്റര്‍ ലഭിക്കും. ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാണ് വാക്സിൻ നല്‍കുക. 5.71 ലക്ഷം പേരാണ് കൊവിഡ് 19 മുൻനിര പ്രവര്‍ത്തകരുടെ പട്ടികയിലുള്ളത്.
സംസ്ഥാനത്ത് 97.58 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. 76.67 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. ആകെ 4,65,40,932 ഡോസ് വാക്സിനാണ് കേരളത്തിൽ വിതരണം ചെയ്തത്.