‘പ്രസവമെടുത്തത് ഭർത്താവ്, വളർത്താൻ ശേഷിയില്ലാത്തതുകൊണ്ട് കുട്ടിയെ കൊന്നു’; കാഞ്ഞിരപ്പള്ളിയില്‍ യുവതി അറസ്റ്റിൽ


കാഞ്ഞിരപ്പള്ളി: നാല് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ ശൗചാലയത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പോലീസാണ് നിഷയെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് മാതാവ് നിഷ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്കു താമസിക്കുന്ന മൂത്തേടത്തുമലയില്‍ സുരേഷ്, നിഷ ദമ്പതിമാരുടെ ആറാമത്തെ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിഷയുടെ ഇടത് കാലിനു ജന്മനാ ശേഷിക്കുറവുള്ളതാണ്. തനിയെ നടക്കാനും ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ജനിച്ച ആണ്‍കുട്ടിയെയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വെള്ളത്തിൽ മുക്കി കൊന്നതാണെന്ന് വ്യക്തമായത്.

മരിച്ച കുട്ടിയെ കൂടാതെ ഇവർക്ക് അഞ്ച് മക്കൾ ഉണ്ടായിരുന്നു. 15, അഞ്ച്, മൂന്ന് വയസുകൾ വീതമുള്ള മൂന്ന് പെൺകുട്ടികളും ഒൻപത്, ഒന്നര വയസ് വീതമുള്ള രണ്ട് ആൺകുട്ടികളുമാണ് ഇവർക്കുള്ളത്. ശൗചാലയവും മാത്രമുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവർ വീണ്ടും ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും ആരും അറിഞ്ഞിരുന്നില്ല. അഞ്ചു കുട്ടികളുണ്ടായതിന്റെ പേരിൽ ആളുകൾ കളിയാക്കിയതു മൂലമാണ് ഗർഭിണിയാണെന്ന വിവരം മറച്ചു വെച്ചതെന്നാണ് നിഷ പോലീസിന് മൊഴി നൽകിയിരുന്നത്.

സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടിലായിരുന്നു കുടുംബം. വളർത്താൻ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ മുക്കിക്കൊന്നു എന്നാണ് മാതാവ് നിഷ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ആശുപത്രിയിൽ പോകാതെ ഭർത്താവും നിഷയും വീട്ടിൽ തന്നെ പ്രസവം എടുക്കുന്ന അവസ്ഥ കൂടി ഉണ്ടായിട്ടുണ്ട്.

കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്.