പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു



ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ചെന്നൈയില്‍ ആയിരുന്നു അന്ത്യം. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി അറുപത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1961ല്‍ പുറത്തിറങ്ങിയ ജ്ഞാനസുന്ദരിയാണ് അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. ഓടയില്‍ നിന്ന്, അടിമകള്‍, കരകാണാക്കടല്‍, പണിതീരാത്ത വീട് തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് മികച്ച മലയാള ചിത്രങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവകള്‍ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരവും അദ്ദേഹത്തിനെ തേടിയെത്തി.

പാലക്കാട് സുബ്രഹ്‌മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. സംവിധായകന്‍ കെ. രാംനാഥിന്റെ സഹായിയായാണ് സിനിമയില്‍ എത്തിയത്.

എല്‍.വി പ്രസാദ്, എ.എസ്.എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്നു സംവിധാനം പഠിച്ചു. സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. കമല്‍ഹാസനെ ബാലതാരമായും കന്യാകുമാരി എന്ന ചിത്രത്തിലൂടെ നായകനായും അവതരിപ്പിച്ചത് അദ്ദേഹമാണ്. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ വെള്ളിത്തിരയിലെത്തിച്ചു.

ഭാര്യ: വത്സല, മക്കള്‍: സന്തോഷ്, ഉമ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.