പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടപറഞ്ഞത് അയ്യായിരത്തിലധികം പാട്ടുകളെഴുതിയ അതുല്യപ്രതിഭ
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. എഴുപത്തിയയൊന്‍പത് വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒട്ടേറെ ജനപ്രിയ ഗാനങ്ങള്‍ക്കായി തൂലിക ചലിപ്പിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ബി. ശിവശങ്കരന്‍ നായര്‍ എന്നായിരുന്നു.
നടന്‍ മധു നിര്‍മ്മിച്ച അക്കല്‍ദാമ എന്ന ചിത്രത്തിനായാണ് ബിച്ചു തിരുമല ആദ്യമായി ഗാനമെഴുതിയത്. നീലാകാശവും മേഘങ്ങളും എന്ന ആദ്യഗാനം തന്നെ അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറവിയെടുത്തത്.
പാട്ടുകളുടെ നവവസന്തം തന്നെ വിരിയിച്ച ബിച്ചു തിരുമല മലയാളത്തിലെ ഏതാണ്ട് എല്ലാ സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലളിതമായ വാക്കുകള്‍ കൊണ്ട് അര്‍ത്ഥവത്തായ വരികള്‍ ചമയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങളെഴുതിയത് ബിച്ചു തിരുമലയാണ്. ഒരു മുറൈ വന്ത് പാര്‍ത്തായ, മകളെ പാതിമലരെ, മൈനാകം കടലില്‍ നിന്നുണരുന്നുവോ, ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം, വാകപൂമരം ചൂടും, ആയിരം മാതളപൂക്കള്‍, ഒറ്റക്കമ്പി നാദം മാത്രം, ശ്രുതിയില്‍ നിന്നുയരും തുടങ്ങി നിരവധി ഗാനങ്ങളെഴുതിയത് അദ്ദേഹമാണ്.
1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാര്‍ത്ഥ പേര് ബി ശിവശങ്കരന്‍നായര്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിഎ ബിരുദം നേടി.
1962-ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തില്‍ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്. എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു. സി.ആര്‍.കെ. നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എന്‍.പി. അബുവിന്റെ സ്ത്രീധനവും പുറത്തു വന്നില്ല.
1994ല്‍ ക്രിസ്മസ് തലേന്ന് മകന് വേണ്ടി പുല്‍ക്കൂട് ഒരുക്കാന്‍ വീടിന്റെ സണ്‍ഷേഡില്‍ കയറി വീണ ബിച്ചുവിന്റെ ബോധം വീണ്ടെടുത്തതും സ്വന്തം ഹിറ്റ് പാട്ടുകളായിരുന്നു. ഡോക്ടര്‍മാര്‍ ഓരോ പാട്ടുകളെ കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. കണ്ണാന്തുമ്പി എഴുതിയാതാരാണെന്ന് ചോദ്യത്തിന് താന്‍ തന്നെയെന്ന് പറഞ്ഞ് അപകടം കഴിഞ്ഞ് പതിനൊന്നാം ദിവസം പാട്ടെഴുത്തിലേക്കും ജീവിതത്തിലേക്കും മടങ്ങി ബിച്ചുതിരുമല.
മൂവായിരത്തോളം സിനിമാപാട്ടുകളാണ് ഒരുക്കിയത്. ഒപ്പം സൂപ്പര്‍ഹിറ്റായ ലളിതഗാനങ്ങള്‍ വേറെയും. രണ്ട് തവണ സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. 1981-ലും 1991-ലുമായിരുന്നു മികച്ച ഗാനരചനയിതാവിനുളള സംസ്ഥാന അവാര്‍ഡ്, 1990ല്‍ ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസ്സിന് വാമദേവന്‍ പുരസ്‌ക്കാരം ലഭിച്ചു.
പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. ഭാര്യ പ്രസന്ന, ഏക മകന്‍ സുമന്‍.