പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; പോലീസും ക്വട്ടേഷൻ സംഘവും തമ്മിൽ ഒത്തുകളിയെന്ന് യു.ഡി.എഫ്


നാദാപുരം: തൂണേരി പ്രവാസി വ്യവസായി എം.ടി.കെ.അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസും ക്വട്ടേഷൻ സംഘവും ഒത്തുകളിക്കുന്നുവെന്നാരോപിച്ച് പ്രദേശവാസികൾ നാദാപുരം പോലീസ് സ്റ്റേഷൻ റോഡ് ഉപരോധിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച ഉപരോധസമരം ഏഴുമണിയോടെ അവസാനിപ്പിച്ചു.

പരാതിയുമായി പോലീസിനോട് സംസാരിച്ചപ്പോൾ തട്ടിക്കൊണ്ടുപോയ പ്രശ്നം സംസാരിച്ചുതീർക്കാൻ ആദ്യം ആവശ്യപ്പെട്ടുവെന്നും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയിലാണ് പോലീസ് ആദ്യംകേസെടുത്തത്. ക്വട്ടേഷൻ സംഘവുമായി പോലീസ് ഫോണിൽ സംസാരിച്ചിട്ടും വകുപ്പുമാറ്റാൻ പോലീസ് തയ്യാറായില്ല.

വൈകുന്നേരം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ, കെ.എസ്.യു. സംസ്ഥാന പ്രസിഡൻറ്‌ കെ.എം. അഭിജിത്ത്, നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി, തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി. ഷാഹിന, യു.ഡി.എഫ്. നേതാക്കളായ സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, അഹമ്മദ് പുന്നക്കൽ, എ. സജീവൻ, മോഹനൻ പാറക്കടവ്, പി.ബി. കുഞ്ഞമ്മദ് ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ നേതാക്കൾ പോലീസ് സ്റ്റേഷനിലെത്തി. ഇതിനിടയിൽ പ്രവർത്തകർ പോലീസ് സ്റ്റേഷൻ റോഡ് ഉപരോധിച്ചു. മണിക്കൂറോളം സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

അഹമ്മദിനെ ഉടൻ കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്നും തട്ടിക്കൊണ്ടുപോയതടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായും യു.ഡി.എഫ്‌ നേതാക്കൾ ഉപരോധസമരക്കാരെ അറിയിച്ചു. അതോടെ ഉപരോധസമരം അവസാനിപ്പിച്ചു. ശക്തമായ നിലപാട് പോലീസ് സ്വീകരിക്കാത്തപക്ഷം സമരംതുടരുമെന്നും യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത് ജനറൽ സെക്രട്ടറി വലിയാണ്ടി ഹമീദ് അറിയിച്ചു.

സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യവസായിയെ കണ്ടെത്താൻ പോലീസ് ജാഗ്രതയോടെ അന്വേഷണം നടത്തുന്നതായും പോലീസ് പറഞ്ഞു. തട്ടികൊണ്ടുപോയതിനു പിന്നിൽ ഖത്തറിലെ സാമ്പത്തിക ഇടപാടെന്നാണ് സൂചന. അഹമ്മദിന്റെ വിദേശത്തുള്ള വ്യാപാര ബന്ധങ്ങളും ഇതേക്കുറിച്ചുള്ള വിവരങ്ങളുമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.