പ്രവാസികൾക്കും ക്ഷേമം; പ്രവാസി ക്ഷേമപെൻഷൻ 3500 ആക്കി ഉയർത്തി
തിരുവനന്തപുരം: പ്രവാസി പെൻഷൻ 3500 രൂപയായി ഉയത്തി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. നിലവിൽ 2000 രൂപയായിരുന്ന പെൻഷനാണ് 3500 ആയി ഉയർത്തിയത്.
പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവരും 60 വയസ്സ് പൂർത്തിയായവരുമായ പ്രവാസികൾക്കാണ് പെൻഷൻ ലഭിക്കുക. പ്രവാസികൾ 5 വർഷം ക്ഷേമനിധിയിൽ പണം നിക്ഷേപിക്കണം. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 ആയും പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവരുടെ ത് അംശാദായം 200 രൂപയായും പെൻഷൻ 3000 രൂപയായുമാണ് വർദ്ധിപ്പിച്ചത്.
കഴിഞ്ഞ വി.എസ് സർക്കാരാണ് പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തിയത്. 500 രൂപയായിരുന്നു അന്ന് തീരുമാനിച്ച പെൻഷൻ. പിന്നീട് പിണറായി സർക്കാരാണ് 500 രൂപ പെൻഷൻ 2000 രൂപയാക്കി ഉയർത്തിയത്. ഈ തുകയാണ് ഇപ്പോൾ വീണ്ടും ഉയർത്തി 3500 രൂപയാക്കിയത്.
പ്രവാസികൾക്കായി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രവാസി തൊഴിൽ പദ്ധതിക്ക് 100 കോടി രൂപയും, മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിനായി 30 കോടി രൂപയും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.