‘പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ’; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ക്രിസ്തുമസ് ആഘോഷം- സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു

ക്രിസ്തുമസിനോടനുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, മറിച്ചു വില്‍പന എന്നിവ തടയുന്നതിന് ലീഗല്‍ മെട്രോളജി- ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിലെ പൊതു വിതരണ കേന്ദ്രം, പൊതുവിപണി, എല്‍.പി.ജി ഔട്ട്ലെറ്റ്, ഹോട്ടലുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധന തുടരും.

ടെണ്ടര്‍ ക്ഷണിച്ചു

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി നാലിന് വൈകീട്ട് ആറ് മണി.

വിശദാംശങ്ങള്‍ക്ക്:

http://tender.lsgkerala.gov.in/pages/displayTender.php,

www.etenders.kerala.gov.in.

ലോ ഓഫീസറെ നിയമിക്കുന്നു

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലോ ഓഫീസറെ നിയമിക്കുന്നു. പ്രതിമാസം 30,000 രൂപ കണ്‍സോളിഡേറ്റഡ് വേതനം.
അഭിഭാഷകവൃത്തിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരാവണം. നിലവില്‍
പ്രാക്ടീസ് ചെയ്യുന്നവരും 1951-ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമത്തിലും സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് കാര്യത്തിലും പ്രാവീണ്യമുള്ളവരുമായ ഹിന്ദുമതത്തില്‍പ്പെടുന്ന നിയമബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50-65. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച നിയമബിരുധാരികള്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ് ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം, കോഴിക്കോട് എന്ന വിലാസത്തില്‍ ജനുവരി ഏഴിന് അഞ്ച് മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം സാധാരണ തപാലിലോ നേരിട്ടോ എത്തിക്കണം. ലോ ഓഫീസര്‍ കരാര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2367735 എന്ന നമ്പറില്‍ ബന്ധപ്പെടുക.

താല്‍പര്യപത്രം ക്ഷണിച്ചു

കേരഫെഡിന്റെ കരുനാഗപ്പള്ളി, നടുവണ്ണൂര്‍ പ്ലാന്റുകളില്‍ വര്‍ക്കര്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിന് പത്രപരസ്യത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി എഴുത്ത് പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നല്‍കുന്നതിന് ഈ മേഖലയില്‍ പ്രാവീണ്യമുള്ള സര്‍ക്കാര്‍ അംഗീകൃത നിയമന സ്ഥാപനങ്ങള്‍ ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 30 വൈകുന്നേരം അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരാഫെഡ് ഹെഡ് ഓഫീസുമായി ബന്ധപ്പെടുക.

ഗതാഗത നിയന്ത്രണം

ഫറോക്ക്- മണ്ണൂര്‍ കടലുണ്ടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി നാളെ (ഡിസംബര്‍ 24) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

നഴ്സ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നിലവിലുളള നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യത ജി.എന്‍.എം ഡിപ്ലോമ/ബിഎസ്‌സി നഴ്സിംഗ്. താല്‍പര്യമുളളവര്‍ 2022 ജനുവരി നാലിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി സിവില്‍ സ്റ്റേഷനില്‍ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0495 2371748.

ഗ്ലൂക്കോമീറ്റര്‍ വിതരണം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും 60 വയസിനു മുകളില്‍ പ്രായമുള്ളവരുമായ പ്രമേഹബാധിതരായ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്ന ”വയോമധുരം’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ഗ്ലൂക്കോമീറ്ററുകള്‍ വിതരണം ചെയ്യുന്നു. ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട പ്രമേഹരോഗബാധിതരായ വയോജനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നോ വകുപ്പിന്റെ www.swd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലഭ്യമാകും. അവസാന തീയതി 2022 ജനുവരി പത്ത്.

ബേപ്പൂർ വാട്ടർഫെസ്റ്റ് ; റീല്‍സ് മത്സരം നടത്തുന്നു

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഫേസ്ബുക്ക് റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ബഷീര്‍ കഥാപാത്രങ്ങള്‍, ബേപ്പൂരിലെ കാഴ്ചകള്‍ എന്നിവയിലേതെങ്കിലും വിഷയമായി തിരഞ്ഞെടുക്കാം. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള റീല്‍സ് തയ്യാറാക്കി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴി അപ് ലോഡ് ചെയ്ത് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ https://www.facebook.com/beyporewaterfest ഫേസ്ബുക്ക് പേജിലേക്ക് ടാഗ് ചെയ്യുകയാണ് വേണ്ടത്. ഡിസംബര്‍ 26ന് രാത്രി 12 മണി വരെ ഏറ്റവുമധികം ലൈക്കും ഷെയറും ലഭിക്കുന്ന ആദ്യത്തെ അഞ്ചു റീലുകള്‍ക്ക് സമ്മാനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2370225 എന്ന നമ്പറിൽ ബന്ധപ്പെടുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ബേപ്പൂർ ഫെസ്റ്റ്: മറീനയിൽ നാളെ മണൽശിൽപ്പവും പട്ടം പറത്തലും

ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് നാളെ (ഡിസംബർ 24 ) ബേപ്പൂർ മറീനയിൽ മണൽ ശിൽപം ഒരുങ്ങും. ആകാശത്ത് വർണം വാരി വിതറി കുട്ടികളുടെ പട്ടം പറത്തലും നടക്കും. വൈകീട്ട് നാലു മണിയോടെ വയനാട് സ്വദേശി ബിനുവാണ് ബീച്ച് പരിസരത്ത് സാൻറ് ആർട്ട് ഒരുക്കുക. വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥാപാത്രങ്ങളാണ് ശിൽപങ്ങളായി ഒരുങ്ങുന്നത്. അതോടൊപ്പം കുട്ടികളുടെ പട്ടം പറത്തലും ഉണ്ടാകും. താൽപര്യമുള്ള കുട്ടികൾക്ക് പട്ടം പറത്തലിൽ പങ്കെടുക്കാം.

സപ്ലൈകോ വില്പനശാലകൾ 26ന് പ്രവർത്തിക്കും

ക്രിസ്തുമസ് -പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോയുടെ എല്ലാ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർ മാർക്കറ്റുകളും സ്പെഷ്യൽ ക്രിസ്തുമസ് ഫെയറുകളും ഡിസംബർ 26ന് തുറന്ന് പ്രവർത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകള്‍ പ്രതിഷ്ഠാപനത്തില്‍ നിന്നും വിച്ഛേദിക്കണം

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 10 കെ.വിയോ അതിന് മുകളിലോ ക്ഷമതയുള്ള ജനറേറ്ററുകള്‍ ഉടനടി പ്രതിഷ്ഠാപനത്തില്‍ നിന്നും വിച്ഛേദിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ രേഖാമൂലമുള്ള ഊര്‍ജ്ജീകരണാനുമതി നേടിയ ശേഷം മാത്രമേ ജനറേറ്ററുകള്‍ ഉപയോഗിക്കാവൂ. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകളില്‍ നിന്നും മാരകമായതോ അല്ലാത്തതോ ആയ വൈദ്യുതാപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരത്തില്‍ അനധികൃത ജനറേറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് കെ.എസ്.ഇ.ബി യുമായി ചേര്‍ന്ന് അനധികൃത ജനറേറ്റര്‍ പ്രതിഷ്ഠാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു വരികയാണ്. കട്ടപ്പനയില്‍ അനധികൃത ജനറേറ്റര്‍ മൂലമുണ്ടായ അപകടത്തെ തുടര്‍ന്ന് വൈദ്യുത വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ച പ്രകാരമാണ് നടപടി.

പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ

നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശ സബ്‌സിഡിയും നല്‍കുന്ന പദ്ധതി വഴി നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 520 പ്രവാസികള്‍ നാട്ടില്‍ വിവിധ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ആകെ 10 കോടി രൂപ ഈ സംരംഭങ്ങള്‍ക്ക് സബ്സിഡി ഇനത്തില്‍ അനുവദിച്ചു. രണ്ടു വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് അപേക്ഷിക്കാം. വായ്പയ്‌ക്കൊപ്പം സംരംഭകത്വ പിന്തുണയും നോര്‍ക്ക റൂട്ട്‌സ് നല്‍കുന്നുണ്ട്.

സംസ്ഥാനത്തെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകള്‍ വഴി വായ്പ ലഭിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കാന്‍ www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം.

വയോജന സേവന അവാര്‍ഡിന് അപേക്ഷിക്കാം

വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് സംസ്ഥാന തലത്തില്‍ നല്‍കുന്ന വയോജന സേവന അവാര്‍ഡ്-2021ന് അപേക്ഷ ക്ഷണിച്ചു. മികച്ച ഗ്രാമ പഞ്ചായത്ത്, മികച്ച ബ്ലോക്ക് പഞ്ചായത്ത്, മികച്ച എന്‍.ജി.ഒകള്‍/ സ്ഥാപനങ്ങള്‍(സര്‍ക്കാറിതരം), മികച്ച സര്‍ക്കാര്‍ വൃദ്ധമന്ദിരം, കായിക മേഖലയില്‍ മികവു തെളിച്ച മുതിര്‍ന്ന പൗരന്മാര്‍, കലാ- സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ മികവു തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍, വയോജന സേവന മേഖലയിലെ സമഗ്ര സംഭാവനക്കുള്ള(ലൈഫ് ടൈം അച്ചീവ്മെന്റ്) പുരസ്‌കാരം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്.

അനുബന്ധ രേഖകള്‍ സഹിതം അപേക്ഷയുടെ മൂന്ന് സെറ്റുകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ അയക്കണം. മികച്ച ജില്ലാ പഞ്ചായത്ത്, മെയിന്റനന്‍സ് ട്രിബ്യൂണല്‍ എന്നിവക്കുള്ള അവാര്‍ഡിന് രണ്ടു സെറ്റ് അപേക്ഷകള്‍ ഡയറക്ടര്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ്ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in എന്ന ഔദ്ദ്യോഗിക വെബ്സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. അവസാന തീയതി ജനുവരി പത്ത്. ഫോണ്‍:0495 2371911, 9495575470.

പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണം : ശില്പശാല നടത്തി

പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാതല ശില്പശാല നടത്തി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സരപദ്ധതിക്കാലം ഏറെ നിര്‍ണായകമാണെന്നും കേരളത്തിന്റെ ആസൂത്രണ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസനരേഖ തയ്യാറാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ജില്ലാ ആസൂത്രണ സമിതിയുടെയും കിലയുടെയും സംയുക്താഭിമുഖ്യത്തില്‍ ശില്പശാല നടത്തിയത്.

സ്റ്റാറ്റസ് റിപ്പോര്‍ട്ടും വികസന രേഖയും ജനുവരി 20നകം തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനകീയസൂത്രണം 25 വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ മുന്‍കാല പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പോരായ്മകളും വിശദമായി വിലയിരുത്തി. പ്രത്യേകം ഊന്നല്‍ നല്‍കേണ്ട മേഖലകള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തി.

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു. നാല് സെഷനുകളായി നടന്ന ശില്പശാലയില്‍ ജില്ലാ ആസൂത്രണ സമിതി അംഗം എ.സുധാകരന്‍, കില റിസോഴ്‌സ് പേഴ്‌സണ്‍ വിജയകുമാര്‍ സി.കെ, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദ് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.

ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ പ്രമോദ് കുമാര്‍ സ്വാഗതവും ജില്ലാ പ്ലാനിംഗ് റിസര്‍ച്ച് ഓഫീസര്‍ നജുമുന്നിസ നന്ദിയും പറഞ്ഞു.

അഗ്രിക്ലിനിക് സംഘടിപ്പിച്ചു

വെള്ളായണി കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പാഠ്യപദ്ധതിയുടെ ഭാഗമായി അഗ്രിക്ലിനിക് സംഘടിപ്പിച്ചു. സമാപന ദിവസം വേങ്ങേരി കാര്‍ഷിക വിജ്ഞാന-വിപണന കേന്ദ്രത്തില്‍ നടന്ന അഗ്രിക്ലിനിക് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

വിവിധതരം ജൈവ രോഗകീട നാശിനികള്‍ സ്വയം നിര്‍മ്മിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു. പലതരം നടീല്‍ വസ്തുക്കളുടെയും ജൈവ കീടനാശിനികളുടെയും ജൈവ വളത്തിന്റെയും വില്പന നടന്നു. പനങ്ങാട്്, ബാലുശ്ശേരി ഗ്രാമ പഞ്ചായത്തുകള്‍, വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം എന്നിവിടങ്ങളായാണ് അഗ്രിക്ലിനിക് സംഘടിപ്പിച്ചത്. മൂന്നു അഗ്രിക്ലിനിക്കിലുമായി നൂറ്റി എഴുപതോളം കര്‍ഷകര്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നിഖില്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വിജ്ഞാന -വിപണന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആരതി ബാലകൃഷ്ണന്‍ അഗ്രിക്ലിനിക്കിനെ കുറിച്ച് വിശദീകരണം നല്‍കി. നിരവധി കര്‍ഷകര്‍ ക്ലിനിക്കില്‍ പങ്കെടുത്തു.

കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം പ്രൊഫസര്‍മാരായ ഡോ.ആരതി ബാലകൃഷ്ണന്‍, ഡോ.ഇ.എം.ഷിജിന എന്നിവരുടെ നേതൃത്വത്തിലാണ് അഗ്രിക്ലിനിക് സംഘടിപ്പിച്ചത്. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സെയ്ബുനിസ, ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രകാശ്, സംസ്ഥാന അസൂത്രണ ബോര്‍ഡ് അംഗം പ്രൊഫസര്‍ ജിജു പി.അലക്സ്, കുരുമുളക് ഗവേഷണ കേന്ദ്രം പ്രൊഫസര്‍ ഡോ. യാമിനി വര്‍മ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഐറീന സി.കെ, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.