പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്ക് ഓഗസ്റ്റ് രണ്ട് വരെ നീട്ടി യുഎഇ
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയുടെ ദേശീയ വിമാന സര്‍വീസായ ഇത്തിഹാദ് എയര്‍വെയ്‌സ് നീട്ടി. ഓഗസ്റ്റ് രണ്ടുവരെയാണ് നീട്ടിയത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ല. നിലവില്‍ 30,000നും 50,000നും ഇടയിലാണ് ശരാശരി പ്രതിദിന കോവിഡ് രോഗികള്‍. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇത്തിഹാദ് നീട്ടിയത്. യാത്രാനിരോധനം വീണ്ടും നീട്ടിയേക്കുമെന്നാണ് സൂചന. യുഎഇ അധികൃതരുടെ നിര്‍ദേശപ്രകാരമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 25 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചിരുന്നു.ഇന്ത്യ അടക്കം 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു. കഴിഞ്ഞമാസം കാനഡ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള യാത്രാവിലക്ക് ഒരു മാസം കൂടി നീട്ടിയിരുന്നു.