നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പരിഗണന നല്‍കാൻ സിപിഎമ്മില്‍ ധാരണ
തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരിഗണന നല്‍കാനും പതിവ് മുഖങ്ങളെ ഒഴിവാക്കാനും സിപിഎമ്മില്‍ ധാരണ. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരെയും 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെയും സിപിഎം സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് സൂചന. ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെങ്കില്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അതേസമയം പി.ജയരാജന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ അടക്കം പ്രമുഖരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടര്‍ തീരുമാനങ്ങള്‍ നിര്‍ണ്ണായകമാകും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും ഇക്കാര്യത്തിലൊരു പൊതു നയത്തിലേക്ക് എത്തുകയാണ് സിപിഎം.
ലോകസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദത്തില്‍ ഒന്നിച്ച് കടപുഴകിയ വമ്പന്‍മാര്‍ക്ക് നിയമസഭയില്‍ അവസരം നല്‍കണമോ എന്നതാണ് പ്രധാന ചര്‍ച്ച. ആദ്യഘട്ട ചര്‍ച്ചകള്‍ പ്രകാരം സ്ഥിരം മുഖങ്ങളെന്ന വിമര്‍ശനം ഒഴിവാക്കാന്‍ ലോകസഭയില്‍ മത്സരിച്ച പലര്‍ക്കും വഴിയടയും. പി.ജയരാജന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ചര്‍ച്ചകള്‍ കണ്ണൂരില്‍ ഉയരുമ്പോഴാണ് പുതിയ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ മത്സരിക്കുന്നതില്‍ എല്‍ഡിഎഫ് ജാഥക്ക് മുമ്പ് തന്നെ തീരുമാനമാകും. മന്ത്രിമാരില്‍ തോമസ് ഐസക്ക്, കെ.കെ.ശൈലജ എന്നിവര്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് നിലവിലെ ധാരണകള്‍. ഇ.പി.ജയരാജന്‍, ജി.സുധാകന്‍, എ.കെ.ബാലന്‍, മേഴ്‌സികുട്ടിയമ്മ, പി.ശ്രീരാമകൃഷ്മന്‍ എന്നിവര്‍ മത്സരിക്കുമോ എന്നതില്‍ തീരുമാനം നീളും. വിദ്യാഭ്യാസ മന്തി സി.രവീന്ദ്രനാഥ് മാത്രമാണ് നിലവിലെ മന്ത്രിമാരില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ സിറ്റിംഗ് സീറ്റായ തൃശ്ശൂര്‍ പുതുക്കാട് നിന്നും വീണ്ടും ജനവിധി തേടാന്‍ രവീന്ദ്രനാഥിന് മേല്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്.
ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിജയിച്ച യുവപരീക്ഷണം നിയമസഭയിലും തുടരും. പത്ത് ശതമാനത്തിലേറെ സീറ്റുകളില്‍ നാല്‍പത് വയസിന് താഴെയുള്ളവര്‍ക്ക് പരിഗണന ലഭിക്കും. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പരിഗണന നല്‍കണമെന്നാണ് സിപിഎം തീരുമാനം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക