പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് അറുതി; ചേനോളി റോഡിലേക്ക് പാതയൊരുക്കി നാട്ടുകാർ
പേരാമ്പ്ര: പതിനാലാം വാര്‍ഡിലെ പരപ്പില്‍ പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് ഒടുവിൽ അറുതിയായി. പേരാമ്പ്ര സംസ്ഥാന പാതയിൽ നിന്ന് ടൗണിൽ പ്രവേശിക്കാതെ ചേനോളി റോഡിലേക്ക് എത്തുന്ന റോഡെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.
പരപ്പില്‍ പ്രദേശവാസികളായ അറുപതോളം വീട്ടുകാര്‍ക്ക് തൊട്ടടുത്ത ചേനോളി റോഡിലേക്ക് എത്താന്‍ തിരക്കേറിയ പേരാമ്പ്ര ടൗണിനെ ചുറ്റി പോകേണ്ട അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.
പ്രദേശവാസികളുടെ ഈ പ്രയാസം മനസ്സിലാക്കിയ പേരാമ്പ്ര ഹൈസ്‌കൂള്‍ മാനേജറും എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയുമായ എ.കെ. കരുണാകരന്‍ നായര്‍ അദ്ദേഹത്തിന്റെ 150 മീറ്ററോളം നീണ്ടുകിടക്കുന്ന സ്ഥലം റോഡിന് നല്‍കി മാതൃകയായി. അതുപോലെ ആവലിന്‍ ചോട്ടില്‍ ഗോവിന്ദനും സ്ഥലം നല്‍കി റോഡിന് പൂര്‍ണതയേകി കൊണ്ട് നാട്ടുകാരുടെ സ്വപ്നം സാക്ഷാത്കരിച്ചു.
ടൗണിൽ പ്രവേശിക്കാതെ ചേനോളി റോഡിലേക്ക് എത്താനുള്ള ഒരു ബൈപ്പാസ് കൂടിയാണ് ഈ റോഡ്. ഗ്രാമ പഞ്ചായത്ത് അംഗം മിനി പൊന്‍പാറ ഉദ്ഘാടനം ചെയ്തു. കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. എ.കെ കരുണാകരന്‍ നായർ ചടങ്ങിന് ആശംസ നേര്‍ന്ന് സംസാരിച്ചു.വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കര്‍മ്മ ശ്രീധരന്‍ സ്വാഗതവും സി.കെ. സാജു മാസ്റ്റേഴ്‌സ് നന്ദിയും പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.