പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മേപ്പയ്യൂരില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു


മേപ്പയ്യൂര്‍: സര്‍വ്വശിക്ഷ കേരള മേലടി ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മേപ്പയ്യൂരില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മഞ്ഞക്കുളം വി.പി കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കെയര്‍ സെന്ററിലൂടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങള്‍ ലഭ്യമാകും. സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു.

ആഴ്ചയില്‍ രണ്ടു ദിവസം ഫിസിയോ തെറാപ്പിയും രണ്ടു ദിവസം സ്പീച്ച് തെറാപ്പിയും സൗജന്യമായി മേലടി ബി.ആര്‍ സി പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. പയ്യോളി നഗരസഭയിലെ ഫിഷറീസ് സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന മേലടി ബി.ആര്‍.സി യുടെ സ്‌പെഷ്യല്‍ കെയര്‍ സെന്ററില്‍ ദിവസവും എത്തിച്ചേരുവാന്‍ പ്രയാസമുള്ള മേപ്പയ്യൂര്‍, കീഴരിയൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രയോജനപ്പടും.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ട്രെയ്‌നര്‍മാരായ എം.കെ രാഹുല്‍, പി അനീഷ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. വി.കെ ദീജി (എച്ച.എം മഞ്ഞക്കുളം എ.എല്‍.പി.എസ്), എം കുഞ്ഞിരാമന്‍ (പ്രസിഡണ്ട്, ഗ്രന്ഥാലയം), ശ്രീലേഷ് എസ്.കെ എന്നിവര്‍ സംസാരിച്ചു. സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഗിരിജ നന്ദി പറഞ്ഞു.