പ്രതിസന്ധി ഒഴിയുന്നു; കേരളത്തിലെ തിയേറ്ററുകളിൽ ഇനി സെക്കന്റ് ഷോയും
കോഴിക്കോട്: സംസ്ഥാനത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 വരെയാണ് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.
നേരത്തെ ഇതു രാവിലെ 9 മുതല്‍ രാത്രി 9 വരെയായിരുന്നു. ഫിലിം ചേംബര്‍, തിയേറ്ററുടമകളുടെ സംഘടന ഫിയോക് തുടങ്ങിയവയുടെ ഇടപെടലിന്മേലാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തിയേറ്ററിലെത്തും.
സെക്കന്റ് ഷോകള്‍ ഇല്ലാത്തത് കൊണ്ട് ഒരുപാട് സിനിമകളാണ് റിലീസ് തിയ്യതി മാറ്റിവച്ചിരുന്നത്. സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ കോവിഡ് കോര്‍ കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരമാണ് തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചത്.
സെക്കന്‍ഡ് ഷോയുടെ വരുമാനം ഇല്ലാത്തതിനാല്‍ വലിയ തിരിച്ചടിയാണ് ഈ മേഖല നേരിടുന്നത്. ഇതു സര്‍ക്കാരിനെ അറിയിച്ചിരുന്നു. സെക്കന്‍ഡ് ഷോ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ വരാനിരിക്കുന്ന റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവെക്കേണ്ടിവരുമെന്നും തിയേറ്ററുകള്‍ അടച്ചിടേണ്ട സാഹചര്യമാണ് വരുന്നതെന്നും ചലച്ചിത്ര നിര്‍മ്മാതാക്കളും വിതരണക്കാരും ആശങ്ക അറിയിച്ചിരുന്നു.
വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31 ന് ശേഷവും വേണമെന്ന് ചേമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ഏതായാലും സെക്കന്റ്‌ഷോക്ക് അനുമതി നല്‍കിക്കൊണ്ട് പ്രവര്‍ത്തന സമയം നീട്ടിയത് വലിയ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്.