പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തില്‍ മുന്നേറി; രാഷ്ട്രപതിയില്‍ നിന്ന് ദേശീയ പുരസ്‌ക്കാരം സ്വീകരിച്ച് പെരുവണ്ണാമൂഴി സ്വദേശി ജോണ്‍സണ്‍


പേരാമ്പ്ര: ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറിയ പെരുവണ്ണാമൂഴി സ്വദേശി ജോണ്‍സണ്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌ക്കാരം കൈമാറിയത്. ഭാരത സര്‍ക്കാര്‍ സാമൂഹിക നീതി ആന്‍ഡ് ശാക്തീകരണ മന്ത്രാലയത്തിന്റെ 2020 ലെ ഔട്ട് സ്റ്റാന്‍ഡിംഗ് ക്രിയേറ്റീവ് അഡള്‍ട്ട് ഭിന്നശേഷി മേഖല അവാര്‍ഡാണ് ജോണ്‍സന് ലഭിച്ചത്.

എഴുപത്തിയഞ്ച് ശതമാനം ഭിന്നശേഷിക്കാരനായ ജോണ്‍സനെ എല്‍.ഇ.ഡി മേഖലയില്‍ നല്‍കിയ സംഭാവന കണക്കിലെടുത്താണ് അവാര്‍ഡിന് പരിഗണിച്ചത്. മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടതാണെങ്കിലും സ്വന്തം ആശയങ്ങള്‍ ഇലക്ട്രോണിക്‌സ് രംഗത്ത് നടപ്പാക്കിയാണ് ജോണ്‍സണ്‍ മുന്നേറിയത്.

എല്‍.ഇ.ഡി ബള്‍ബുകളിലൂടെ വെളിച്ചം നല്‍കി വിസ്മയിപ്പിച്ച ജോണ്‍സണ്‍ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിയെ കുടുക്കാന്‍ സോളാര്‍ കെണിയും നിര്‍മ്മിച്ചിരുന്നു. ജോണ്‍സന്റെ കഴിവിനുള്ള അംഗീകാരത്തിന് ലഭിച്ച അവാര്‍ഡ് സ്വീകരിക്കുന്നതിന് സാക്ഷികളായി ഭാര്യ ഉഷയും മക്കളായ ജെയൂണും ജെഷൂണുമുണ്ടായിരുന്നു.