പ്രതിഷേധങ്ങൾക്ക് വിരാമമിട്ട് കുറ്റ്യാടിയിൽ സിപിഎം
കുറ്റ്യാടി: സി.പി.എം പാർട്ടിതത്ത്വങ്ങൾ നന്നായി അറിയാവുന്നവർ സംഘടിപ്പിച്ച പ്രകടനത്തിൽ പാർട്ടിവിരുദ്ധർ നുഴഞ്ഞുകയറി മ്ലേച്ഛമായ മുദ്രാവാക്യങ്ങൾ മുഴക്കിയത് അപമാനകരവും അനുഭവപാഠവുമാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനൻ. കുറ്റ്യാടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിന്റെയും പ്രകടനത്തിന്റെയും ന്യായാന്യായങ്ങൾ പിന്നീട് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കുറ്റ്യാടിമണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിതന്നെ വേണമെന്ന് കേരളാ കോൺഗ്രസ് എം തീരുമാനിച്ചത് മാതൃകാപരമാണ്. കേരള കോൺഗ്രസിന് അനുവദിച്ച 13 സീറ്റുകളിൽ ഒന്നാണ് കുറ്റ്യാടി.
സീറ്റല്ല പ്രധാനം, ഇടത് തുടർഭരണമാണെന്ന നിലപാടെടുത്ത് അതുവേണ്ടെന്നുവെച്ച ആ പാർട്ടിയുടെ നിലപാട് അഭിനന്ദനാർഹമാണ്. സി.പി.എമ്മിന്റെ സ്ഥാനാർഥിയെ സംസ്ഥാനനേതൃത്വം പ്രഖ്യാപിക്കും. സി.പി.എം. മത്സരിച്ചുപോന്ന കുറ്റ്യാടിസീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ തീരുമാനിച്ചപ്പോൾ പ്രവർത്തകർ പ്രതിഷേധിച്ചത് സ്വാഭാവികമാണ്.
സി.പി.എം. സ്ഥാനാർഥി വേണമെന്നും പാർട്ടിചിഹ്നത്തിൽ മത്സരിക്കണമെന്നും പ്രവർത്തകർ വികാരംപ്രകടിപ്പിച്ചത് തെറ്റാണെന്ന് പറയാനാവില്ല. എന്നാൽ, രണ്ടാമത് കുറ്റ്യാടിയിൽ നടന്ന പ്രകടനം പാർട്ടിതത്ത്വങ്ങളെക്കുറിച്ച് നന്നായി അറിയാവുന്നവർ സംഘടിപ്പിച്ചതാണെന്നാണ് മനസ്സിലാക്കുന്നത്. അതിൽ പാർട്ടിവിരുദ്ധർ കുഴഞ്ഞുകയറുകയും മ്ലേച്ഛമായ മുദ്രാവാക്യങ്ങൾ മുഴക്കുകയുംചെയ്തു. ഇത്തരത്തിൽ പാർട്ടിനേതാക്കളെയും പാർട്ടിയെയും അപമാനിക്കുന്നതിനെതിരേ വലിയ വികാരവും രോഷവുമാണ് ഉയർന്നത്.
പ്രകടനത്തിൽ പാർട്ടിനേതാക്കളെ അപമാനിക്കുന്ന മുദ്രാവാക്യം എഴുതിക്കൊടുത്തയാളെ തങ്ങൾക്കറിയാമെന്ന് സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം കെ.പി. കുഞ്ഞമ്മദ്കുട്ടി പറഞ്ഞു. മുദ്രാവാക്യം വിളിച്ചുകൊടുത്തയാളെ ഇപ്പോൾ എല്ലാവർക്കുമറിയാം. നേതൃത്വത്തെ ആക്രമിച്ച് പാർട്ടിയെ തകർക്കുന്നതിന്റെ ഭാഗമായാണ് നികൃഷ്ടമായ മുദ്രാവാക്യങ്ങൾ മുഴക്കിയത്. അങ്ങേയറ്റം അപമാനകരവും ഒരിക്കലും നടക്കാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നേതൃത്വം നൽകിയ പ്രകടനത്തിലുണ്ടായതെന്ന് കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
കുന്നുമ്മൽ ഏരിയാസെക്രട്ടറി കെ.കെ.സുരേഷ് അധ്യക്ഷനായി. കെ.കെ. ദിനേശൻ സംസാരിച്ചു. കെ.കെ. ലതിക, വി.പി. കുഞ്ഞികൃഷ്ണൻ, കൂടത്താങ്കണ്ടി സുരേഷ്, പി.പി.ചാത്തു, കുന്നുമ്മൽ കണാരൻ, ടി.കെ. മോഹൻദാസ്, കെ.കൃഷ്ണൻ, ഒ.ടി.നഫീസ എന്നിവർ നേതൃത്വം നൽകി.