പ്രതിഷേധം കനക്കുന്നു;
നേതൃത്വത്തെ ഞെട്ടിച്ച് കുറ്റ്യാടിയില്‍ വീണ്ടും പ്രകടനം


കുറ്റ്യാടി: പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിക്കണമെന്ന ആവശ്യത്തില്‍ നിന്നു പിന്മാറില്ലെന്ന പ്രഖ്യാപനം ആവര്‍ത്തിച്ച് കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. കുന്നുമ്മല്‍ ഏരിയയിലെ ലോക്കല്‍ കമ്മിറ്റികളിലെയും ഇവക്കു കീഴിലെ വിവിധ ബ്രാഞ്ചുകളിലെയും നൂറുകണക്കിനാളുകളാണ് പ്രകടനത്തില്‍ അണിചേര്‍ന്നത്.

കുറ്റ്യാടി മണ്ഡലം കേരളാ കോണ്‍ഗ്രസിനെന്ന പാര്‍ട്ടി തീരുമാനത്തിൽ പ്രധിഷേധിച്ചാണ് പ്രകടനം. സംഘടനാ ശേഷിയില്ലാത്ത കക്ഷിക്കു സീറ്റ് അനുവദിച്ചതിലെ രോഷം ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ കുറ്റ്യാടിക്കു പുറമെ നാദാപുരം, വടകര മണ്ഡലങ്ങളിലും ഇതിന്റെ അലയൊലി ഉണ്ടാവുമെന്ന മുന്നറിയിപ്പും നല്‍കി. ചെങ്കൊടിയുടെ മാനം കാക്കാന്‍ എന്ന ബാനറിനു പിന്നില്‍ ധാരാളം സ്ത്രീകളും അണിചേര്‍ന്നു.

കുറ്റ്യാടിയിലെ പ്രാദേശിക സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നേതൃത്വം പറയുന്ന ന്യായവാദങ്ങളൊന്നും ഇവര്‍ ഉള്‍ക്കൊള്ളുന്നില്ല. കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തെ അപേക്ഷിച്ച് ചിട്ടയായ ജാഥയാണ് ഇന്നു നടന്നത്. തുടര്‍ന്നു വിശദീകരണ യോഗവും നടന്നു.