പ്രതിരോധ ശേഷി നിരക്ക് എത്ര? കേരളത്തിലും സെറോ സര്‍വേ; ഉത്തരവിറങ്ങി, ഇതാദ്യമായാണ് കേരളം സെറോ സര്‍വേ സ്വന്തം നിലയ്ക്ക് നടത്തുന്നത്‌


തിരുവനന്തപുരം: കൊവിഡ് ബാധ, വാക്സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താൻ കേരളത്തിൽ സെറോ സർവ്വേ നടത്തും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതാദ്യമായാണ് കേരളം സെറോ സർവേ സ്വന്തം നിലയ്ക്ക് നടത്തുന്നത്. ഐസിഎംആർ നടത്തിയ സെറോ സർവേയിൽ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങൾ തരംതിരിച്ച് പഠനം നടത്തും. അഞ്ച് വയസിനു മുകളിൽ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18ന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ, 5 – 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവരിലാണ് പഠനം നടത്തുക.