പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയില്‍ ഇരട്ടകളും



പാലക്കാട്: രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടുകളുടെ പട്ടികയില്‍ ഇരട്ടസഹോദരന്മാരുടെ പേരുമുള്ളതായി ആരോപണം. പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ അരുണ്‍, വരുണ്‍ എന്നീ ഇരട്ട സഹോദരന്മാരുടെ പേരുകളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട പട്ടികയിലുള്ളത്. സംഭവം വിവാമായിരിക്കുകയാണ്.

നാലര ലക്ഷത്തോളം വരുന്ന വോട്ടര്‍മാരുടെ വിവരം രമേശ് ചെന്നിത്തല ഇന്നലെ പുറത്തുവിട്ടു. ഈ കൂട്ടത്തിലാണ് ഇരട്ട സഹോദരന്മാരും ഉള്‍പ്പെട്ടത്. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പര്‍ ബൂത്തിലാണ് അരുണിനും വരുണിനും വോട്ടുള്ളത്. ഇന്ന് ഉച്ചയോടെയാണ് സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് അരുണും വരുണും പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. രമേശ് ചെന്നിത്തലയെ ഒന്നാം എതിര്‍കക്ഷിയാക്കിയും വെബ്സൈറ്റ് അധികൃതരെ രണ്ടാം എതിര്‍കക്ഷിയാക്കിയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും സഹോദരന്മാര്‍ പറഞ്ഞു.