‘പ്രതിപക്ഷത്തെ ബോധപൂര്‍വ്വം അപമാനിക്കുന്നു’; മാസ്‌ക് ഡെസ്‌കിലേക്ക് വലിച്ചെറിഞ്ഞ് രോഷാകുലനായി സഭയില്‍ വി.ഡി സതീശന്‍; ചര്‍ച്ച പ്രതിപക്ഷം ബഹിഷ്‌കരിച്ചു (വീഡിയോ കാണാം)



തിരുവനന്തപുരം: സര്‍വ്വകലാശാലാ നിയമഭേദഗതി ബില്ലുകളുടെ ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ബില്ലുകളിന്മേലുള്ള ചര്‍ച്ച ഒടുവില്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച അറുനൂറോളം ഭേദഗതികള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.

നിയമസഭാ സെക്രട്ടറിയേറ്റ് പ്രതിപക്ഷത്തെ ബോധപൂര്‍വ്വം അപമാനിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഈ അപമാനം സഹിച്ച് നിയമ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

2021 ലെ സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ബില്‍, 2021 ലെ സര്‍വകലാശാലാ ഭേദഗതി രണ്ടാം ബില്‍ എന്നിവയാണ് ഇന്ന് സഭ ചര്‍ച്ചയ്ക്കെടുത്തത്. ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കാനുള്ള സമയപരിധി 26 ന് വൈകിട്ട് അവസാനിച്ചിരുന്നു. ആദ്യം ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ സമയം അനുവദിച്ചിരുന്നത്.

പ്രതിപക്ഷത്തിന്റെ ആവശ്യം പ്രകാരം അത് നാലു മണിവരെയായി ദീര്‍ഘിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ അതിനു ശേഷമാണ് ലഭിച്ചതെന്നും അതിനാല്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സ്പീക്കറുടെ വിശദീകരണം.

നിയമസഭാ സെക്രട്ടേറിയറ്റ് തുടര്‍ച്ചയായി ബോധപൂര്‍വം പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഉറക്കമൊഴിച്ചിരുന്ന് തയാറാക്കിയ ഭേദഗതികളാണ് അവഗണിക്കപ്പെട്ടത്. ഭേദഗതികള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് എ.പി. അനില്‍കുമാറും എന്‍. ഷംസുദ്ദീനും രേഖാമൂലം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തില്‍ അറുന്നൂറിലേറെ ഭേദഗതികള്‍ പരിഗണിക്കാതെ ബില്‍ ചര്‍ച്ചയ്ക്കെടുത്തത് സഭാ ചരിത്രത്തില്‍ ആദ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭേദഗതികള്‍ അംഗീകരിച്ചാല്‍ മാത്രമേ നിയമ നിര്‍മാണവുമായി സഹകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബില്‍ അവതരണം മാറ്റി വയ്ക്കണം. പ്രതിപക്ഷ ഭേഗദതികളും അംഗീകരിച്ച് മറ്റൊരു ദിവസം ബില്‍ കൊണ്ടു വരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സമയ പരിമിതി കൊണ്ടാണ് എല്ലാ ഭേദഗതികളും പരിഗണിക്കാന്‍ കഴിയാത്തതെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. അനില്‍കുമാറിന്റേയും ഷംസുദ്ദീന്റേയും ആവശ്യം പരിഗണിച്ചാണ് രണ്ടു തവണ സമയം നീട്ടി നല്‍കിയത്. അഞ്ചു മണിക്കു ശേഷം ലഭിച്ച ഭേദഗതികള്‍ പരിഗണിക്കാന്‍ നിയമസഭാ സെക്രട്ടേറിയറ്റിനു കഴിഞ്ഞില്ല.

നിയമ നിര്‍മാണത്തിനു മാത്രമായി ചേര്‍ന്ന സഭാ സമ്മേളനം പ്രളയത്തെ തുടര്‍ന്ന് രണ്ടു ദിവസം ഒഴിവാക്കിയതും സമയം കുറയാന്‍ കാരണമായി. ഇത് ഒരു കീഴ്‌വഴക്കമായി മാറില്ലെന്നും പ്രതിപക്ഷത്തിന് സ്പീക്കര്‍ ഉറപ്പു നല്‍കി.

ഭേദഗതികള്‍ സ്വീകരിച്ചാല്‍ മാത്രമേ സഭാ നടപടികളുമായി സഹകരിക്കൂവെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നു. പാര്‍ലമെന്റില്‍ നരേന്ദ്രമോദി മന്ത്രിസഭ ബില്ലുകള്‍ പാസാക്കുന്ന മാതൃകയില്‍ കേരള നിയമസഭയും പോകാന്‍ അനുവദിക്കില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ പരിഗണിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ബില്ലിന്റെ അവതരണത്തിലേക്ക് കടന്നതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

സര്‍വകലാശാലാ ബില്ലുകളുടെ ചര്‍ച്ച ബഹിഷ്‌കരിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇരുപത്തിയാറാം തീയതി വൈകിട്ട് അഞ്ചു മണിക്കു മുന്നേ നല്‍കിയ ഭേദഗതികള്‍ പോലും നിയമസഭാ സെക്രട്ടേറിയറ്റ് ഒഴിവാക്കി എന്നാണ് പ്രതിപക്ഷ ആരോപണം.

സഭയിലെ സംഭവങ്ങളുടെ വീഡിയോ കാണാം: