പ്രതിപക്ഷത്തിന്റെ സമീപനത്തില്‍ മാറ്റം വരുത്തും; കോവിഡ് നേരിടാന്‍ സര്‍ക്കാരിനു പിന്തുണയെന്ന് വി ഡി സതീശന്‍


കൊച്ചി: പ്രതിപക്ഷത്തിന്റെ സര്‍ക്കാരിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുമെന്നും കോവിഡ് മഹാമാരി നേരിടുന്നതില്‍ സര്‍ക്കാരിന്റെ കൂടെ നില്‍ക്കുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ ഭരിക്കാന്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് സ്വീകരിക്കില്ല. പ്രളയങ്ങളുടെ ദുരിതശേഷം ഇപ്പോള്‍ കോവിഡ് മഹാമാരി നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സര്‍ക്കാരിനു പിന്തുണ നല്‍കും.


ആരോഗ്യം , വിദ്യാഭ്യാസം പോലുള്ള മേഖലകളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ തയ്യറാകില്ല- ഹൈക്കമാന്‍ഡ് തീരുമാനം വന്നയുടന്‍ എറണാകുളം ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വി ഡി സതീശന്‍ നയം മാറ്റം പ്രഖ്യാപിച്ചത്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുന്ന സമീപനമാകും തന്റെ നേതൃത്വത്തില്‍ സ്വീകരിക്കുകയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഈ പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടമല്ല. 1967 ലെ കനത്ത പരാജയത്തിനു സമാനമായ കനത്ത പരാജയമാണ് കോണ്‍ഗ്രസിനുണ്ടായത്. അതില്‍ നിന്നു തിരിച്ചു കയറാന്‍ കഴിയണം. തമ്മിലടിച്ചു നില്‍ക്കുകയല്ല; ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം. പരാജയ കാരണങ്ങള്‍ കോണ്‍ഗ്രസ് പരിശോധിച്ചിട്ടില്ല. അശോക് ചവാന്‍ കമ്മിറ്റി വന്നശേഷം അക്കാര്യം പരിശോധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.