പ്രകൃതി ഭംഗി ആസ്വദിച്ച് ബോട്ടില്‍ യാത്ര ചെയ്യണോ? സഞ്ചാരികളെ സ്വാഗതം ചെയ്ത് അകലാപ്പുഴ; ബോട്ട് സര്‍വ്വീസ് തുടങ്ങി


മേപ്പയൂർ: കോവിഡിനെ തുടർന്ന് നിശ്ചലമായ വിനോദ സഞ്ചാര മേഖല ഇളവുകൾ നിലവിൽ വന്നതിനെ തുടർന്ന് വീണ്ടും സജീവമാകുകയാണ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ അകലപ്പുഴയും തുരുത്തും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതുമാണ്‌. കീഴരിയൂർ, തുറയൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നെല്ലാം എളുപ്പത്തിൽ വന്നെത്താവുന്ന അകലപ്പുഴയിൽ ബോട്ടിങ് സർവീസ് തുടങ്ങി.

വിശാലമായ വ്യൂ പോയിന്റ് ആയതിനാൽ കൂടുതൽ സഞ്ചാരികൾക്ക് ഒരേ സമയം കോവിഡ് മാനദണ്ഡപ്രകാരം സന്ദർശിക്കാൻ കഴിയും എന്നതാണ് ഇവിടേക്ക് സഞ്ചാരികൾ കൂടുതൽ എത്താൻ കാരണം. വില്യം ലോഗന്റെ മലബാർ മാന്വലിൽ പ്രതിപാദിക്കുന്ന അകലാപ്പുഴ പഴയ കാലത്തെ പ്രധാന ചരക്ക് ഗതാഗതത്തിന്റെ പാതയായിരുന്നു.

ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകളിലേക്ക് പ്രവേശനം നിലച്ചതിനാൽ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടുതൽ സജീവമാകും എന്നാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ പ്രധാന പ്രതീക്ഷ.ഈയൊരു സാഹചര്യത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ ബോട്ടുകളും ഓരോ യാത്രയ്ക്ക് ശേഷവും ബോട്ടുകളും ലൈഫ് ജാക്കറ്റുകളും സാനിറ്റൈസ് ചെയ്യാൻ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.

നിലവിൽ 2 പേർക്കും 5 പേർക്കും യാത്ര ചെയ്യാൻ പറ്റുന്ന പെഡൽ ബോട്ടുകളും , വാട്ടർ സൈക്കിൾ, റോയിങ് ബോട്ട് എന്നിവയാണ് പ്രധാന ആകർഷണം. ലോക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ അടച്ച് മൂടിക്കിടക്കുന്നവർക്ക് മാനസിക ഉല്ലാസത്തിനുള്ള ഏക സാധ്യത കൂടിയാണ് നിലവിൽ ഇത്തരം ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ.