പ്രകൃതി ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ബി ജെ പി


പേരാമ്പ്ര: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും നിരവധി പേര്‍ക്ക് നാശ നഷ്ടമുണ്ടായി. ശക്തമായ മഴയിലും ഇടിമിന്നലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായ സൈനികന്‍ ആവളപാലക്കൂല്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴയിലും ഇടിമിന്നലിലും നിരവധി വീടുകളും വസ്തുവകകളും കൃഷികളും നശിച്ചു പോയി. പല സ്ഥലങ്ങളിലും വെള്ളം കയറി. കര്‍ഷകരുള്‍പ്പടെ പലര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ദൈവാനുഗ്രഹത്താലാണ് ജീവഹാനി സംഭവിക്കാതിരുന്നതെന്ന് മോഹനന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് മുമ്പുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് പോലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും ഓരോ സംഭവം വരുമ്പോഴും മുമ്പത്തെ നഷ്ടത്തെക്കുറിച്ച് സര്‍ക്കാര്‍ ഓര്‍ക്കുന്നു പോലുമില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രകൃതിക്ഷോഭത്തില്‍ മന്ത്രിമാരുടെ പ്രസ്താവനകള്‍ അല്ലാതെ സാധാരണക്കാര്‍ക്ക് സഹായം ലഭിക്കുന്നില്ലെന്ന് മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.

കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ്, ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.എം ഹരിദാസന്‍, രജീഷ് ചെറിയാണ്ടി, പി .പി സുനില്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.