പ്രകൃതിയുടെ എല്ലാ സൗന്ദര്യങ്ങളും സമന്വയിച്ച സുന്ദരമായ ഒരിടം, ഈ കഥ മുത്താച്ചിപ്പാറയെക്കുറിച്ചാണ്
കോടമഞ്ഞും തണുപ്പും മുത്താച്ചിപ്പറയുടെ സൗന്ദര്യത്തെക്കുറിച്ച് പറയാന്‍ വാക്കുകളേറെയാണ്.
സഞ്ചാരികളുടെ മനം കവര്‍ന്ന് കാഴ്ചകളുടെ വസന്തമൊരുക്കിയ ഒരിടം. കായണ്ണ പഞ്ചായത്തിലെ ആറാം വാര്‍ഡിലും തൊട്ടടുത്ത കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുമായി 35 ഏക്കറിലാണ് മുത്താച്ചിപ്പാറ. സമുദ്രനിരപ്പില്‍നിന്ന് 300 അടിയോളം ഉയരത്തിലുള്ള ഇവിടെ കുത്തനെയുള്ള പാറ കയറി മുകളിലെത്തിയാല്‍ പ്രകൃതിയുടെ സുന്ദരഭാവങ്ങള്‍ ആസ്വദിക്കാം. തൊട്ടു മുന്നിലായി എരപ്പാംതോട്ടിലെ പൗരാണികമായ രണ്ട് അങ്കക്കല്ലുകളുടെ ദൃശ്യവും മനോഹരമാണ്. പയ്യോളി, കൊയിലാണ്ടി കടലോരങ്ങളും തിക്കോടി ലൈറ്റ് ഹൗസുംവരെ ദൃശ്യമാണ്. ഏതുനേരവും നേര്‍ത്ത കടല്‍കാറ്റുവീശുന്ന ഇവിടെ സഞ്ചാരികളുടെ മനംമയക്കുന്ന കോടയുമുണ്ടാകും.
കായണ്ണ ബസാറില്‍നിന്ന് അഞ്ചര കിലോമീറ്റര്‍ മാത്രം അകലെയാണ് മുത്താച്ചിപ്പാറ. കരികണ്ടന്‍പാറയില്‍നിന്ന് ഊളേരി വഴി പാറയുടെ മടിത്തട്ടിനടുത്തുവരെ റോഡുണ്ട്. ഇവിടെ നിന്ന് അരക്കിലോമീറ്ററോളം ദൂരം മല കയറിയാല്‍ മുത്താച്ചിപ്പാറയിലെത്താം. തൊട്ടുതാഴെയായി എരപ്പാംതോട് വഴി ബാലുശേരിക്കും ഗതാഗതസൗകര്യമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളായ നമ്പികുളം, തോണിക്കടവ്, കരിയാത്തുംപാറ, കക്കയം എന്നിവിടങ്ങള്‍ക്ക് അടുത്താണ് മുത്താച്ചിപ്പാറ
വനംവകുപ്പിന്റെ കൈവശമുള്ള ഇവിടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കാനുള്ള നടപടികള്‍ക്ക് മുന്‍കൈയെടുക്കുന്നത് കായണ്ണ പഞ്ചായത്താണ്. വന്‍ തുകയൊന്നും ചെലവഴിക്കാതെ വികസനം സാധ്യമാക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശിയും പഞ്ചായത്തംഗം പി കെ ഷിജുവും പറയുന്നു. പാറയ്ക്ക് ചുറ്റും സുരക്ഷാവേലിയും ഇരിപ്പിടങ്ങളും ടോയ്ലറ്റുകളും നിര്‍മിക്കും.
വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് താമസക്കാരുമായി ബന്ധപ്പെടുകയുണ്ടായി. റോഡ് വീതി കൂട്ടാന്‍ സ്വകാര്യ വ്യക്തികള്‍ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് നാടന്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം ലഭ്യമാക്കും. ബാലുശേരി എംഎല്‍എ
കെ എം സച്ചിന്‍ ദേവ് മുഖേന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സഹകരണം ഉറപ്പാക്കാനുള്ള നീക്കമാണ് തുടരുന്നത്. മന്ത്രിതല ഇടപെടലിലൂടെ വനംവകുപ്പിന്റെ അനുമതിയും ഉറപ്പാക്കും.പ്രകൃതിയെ നേരിട്ടറിയാനും ഇത്തിരി തണുപ്പും കോടമഞ്ഞുമൊക്കെ ആസ്വദിക്കാനും കഴിയുന്ന ഒരിടമാണ്. മുത്താച്ചിപ്പാറയെ ഒരിക്കലറിയണം….ആസ്വദിക്കണം, അത്രമേല്‍ മനോഹരമായ ഇടമാണ്