പ്രകൃതിക്കൊപ്പം സമയം ചെലവിടാം; സഞ്ചാരികളെ കാത്ത് അണിഞ്ഞൊരുങ്ങി തോണിക്കടവ്


കോവിഡ് കാലത്തിന്റെ വിരസത അകറ്റി ഒരു യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് മനസും ശരീരവും കുളിർപ്പിക്കാൻ തോണിക്കടവിലേക്ക് പോവാം. കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതിക്ക് ഒട്ടും പോറലേൽപ്പിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം. കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രം.

ഇതിനടുത്തു തന്നെയാണ് വിദേശവിനോദസഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കരിയാത്തുംപാറയും. കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും സിനിമ ഷൂട്ടിങ്ങിനും കുടുംബസമേതം സായാഹ്നങ്ങൾ ചെലവിടാനും അവധി ദിനങ്ങൾ ആഘോഷമാക്കാനും അനുയോജ്യമാണ്‌ തോണിക്കടവും കരിയാത്തുംപാറയും.
കോവിഡ് കാലത്തെ അടച്ചിടലുകൾക്കൊടുവിൽ തോണിക്കടവിന്റെയും കരിയാത്തും പാറയുടെയും സൗന്ദര്യം ആസ്വദിക്കാൻ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി.

മേഘങ്ങളെ തൊട്ടുനിൽക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപുമെല്ലാം കാഴ്ചക്കാർക്ക് നൽകുന്നത് ഹൃദ്യമായ അനുഭവമാണ്.
കക്കയം മലനിരകളും, ബോട്ട് സർവീസിന് അനുയോജ്യമായ കുറ്റ്യാടി റിസർവോയറിൻ്റ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കുട്ടികൾക്കുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, കൂടാരങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികൾക്ക് പ്രവേശനം.

കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പരവതാനി വിരിച്ചപോലെയാണ് കരിയാത്തും പാറയിലെ പുഴയോരം. വലിയ കാറ്റാടി മരങ്ങളും ഉണങ്ങിയൊടിഞ്ഞ മരത്തടികളും മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറക്ക് സൗന്ദര്യം കൂട്ടുന്നതാണ്. പാറക്കൂട്ടങ്ങളും ഉരുളൻ കല്ലുകളും തണുത്ത വെള്ളവും സഞ്ചാരികൾക്ക് മനസ് കുളിർപ്പിക്കുന്ന അനുഭവങ്ങളാണ്.

3.91 കോടി രൂപയാണ് വിനോദ സഞ്ചാര വകുപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. ഇറിഗേഷൻ വകുപ്പിനാണ് നിർവ്വഹണ ചുമതല. ടൂറിസം മാനേജ്മെൻ്റ് കമ്മറ്റിയാണ് പദ്ധതിയുടെ മേൽനോട്ട ചുമതല വഹിക്കുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്ത് 2014 ൽ ആണ് തോണിക്കടവ് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്.

ടിക്കറ്റ് കൗണ്ടർ, കഫ്റ്റീരിയ, വാക് വേ, സീറ്റിങ് ആംഫി തീയേറ്റർ, ഗ്രീൻ റൂം, മാലിന്യ സംസ്കരണ സംവിധാനം, കുട്ടികളുടെ പാർക്ക്, ബോട്ട് ജെട്ടി, ലാൻഡ് സ്കേപ്പിങ്‌, തുടങ്ങിയവയാണ് സഞ്ചാരികൾക്കായി ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഹൃദയ ദ്വീപിലേക്കുള്ള സസ്പൻഷൻ ബ്രിഡ്ജും ദ്വീപിന്റെ വികസനവുമാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് കൂടി പൂർത്തിയാവുമ്പോൾ തോണിക്കടവ് ടൂറിസം പദ്ധതി മലബാറിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറും.

താമരശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക് എസ്റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവർക്ക് കൂരാച്ചുണ്ട് വഴിയും കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് കുറ്റ്യാടി ചക്കിട്ടപാറ വഴിയും തോണിക്കടവിലേക്കെത്താം. രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്.

ഇവിടേക്കെത്തുന്ന സഞ്ചാരികൾക്ക് ഒരു ദിവസം കൊണ്ട് തന്നെ അയൽവിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം എന്നിവിടങ്ങളിലും സന്ദർശനം നടത്താം.