പോളിയോ ബാധിച്ചിട്ടും തളരാതെ മുന്നേറി, ദേശീയ പുരസ്‌ക്കാര ജേതാവും പെരുവണ്ണാമൂഴി സ്വദേശിയുമായ ജോണ്‍സനെ ആദരിച്ചു


പേരാമ്പ്ര: ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറിയ പെരുവണ്ണാമൂഴി സ്വദേശി ജോണ്‍സനെ ആദരിച്ചു. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് വീട്ടിലെത്തിയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉപഹാര സമര്‍പ്പണം നടത്തി. ബ്ലോക്ക് ശിശുവികസന ഓഫീസര്‍ കെ.ദീപ പൊന്നാട അണിയിച്ചു.

ഭാരത സര്‍ക്കാര്‍ സാമൂഹിക നീതി ആന്‍ഡ് ശാക്തീകരണ മന്ത്രാലയത്തിന്റെ 2020 ലെ ഔട്ട് സ്റ്റാന്‍ഡിംഗ് ക്രിയേറ്റീവ് അഡള്‍ട്ട് ഭിന്നശേഷി മേഖല അവാര്‍ഡാണ് ജോണ്‍സന് ലഭിച്ചത്. എഴുപത്തിയഞ്ച് ശതമാനം ഭിന്നശേഷിക്കാരനായ ജോണ്‍സനെ എല്‍.ഇ.ഡി മേഖലയില്‍ നല്‍കിയ സംഭാവന കണക്കിലെടുത്താണ് അവാര്‍ഡിന് പരിഗണിച്ചത്. മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടതാണെങ്കിലും സ്വന്തം ആശയങ്ങള്‍ ഇലക്ട്രോണിക്സ് രംഗത്ത് നടപ്പാക്കിയാണ് ജോണ്‍സണ്‍ മുന്നേറിയത്.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, ക്ഷേമകാര്യ സമിതി ചെയര്‍ പേഴ്പണ്‍ രജിത പി.കെ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ ശശി, പി.ടി അഷരഫ്, പ്രഭാശങ്കര്‍, കെ.അജിത എന്നിവരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.