പോലീസ് ലേലത്തില്‍ വിറ്റ ബൈക്ക് വാങ്ങിയ മേപ്പയ്യൂര്‍ സ്വദേശി പൊല്ലാപ്പില്‍, മോഷണമുതലെന്ന് പോലീസ്
മേപ്പയ്യൂര്‍: ഒരു ബൈക്കിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് മേപ്പയ്യൂര്‍കീഴ്പയ്യൂരിലെ മുറിച്ചാണ്ടി മുനീര്‍. 2013 ഓഗസ്റ്റില്‍ പത്രത്തില്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ വാഹനലേലപ്പരസ്യം കണ്ടാണ് 18,700 രൂപയ്ക്ക് മുനീര്‍ കെ.എല്‍. 11 ജെ 4033 നമ്പര്‍ ഹീറോ ഹോണ്ട ബൈക്ക് ലേലത്തില്‍ വിളിച്ചെടുത്തത്. എന്നാല്‍, ഈ ബൈക്ക് മോഷണമുതലാണെന്ന് പറഞ്ഞ് കസബ പോലീസ് രംഗത്തെത്തിയതോടെ പൊല്ലാപ്പിലായിരിക്കുകയാണ് മുനീര്‍. മുനീറിന്റെ വീട്ടിലെത്തി കസബ പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.
ആളില്ലാതെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കസ്റ്റഡിയിലെടുത്ത ബൈക്കാണ് നാലുവര്‍ഷത്തിനുശേഷം മെഡിക്കല്‍ കോളേജ് പോലീസ് ലേലത്തില്‍വെക്കുന്നതും മുനീര്‍ വാങ്ങുന്നതും. അന്ന് സ്‌റ്റേഷനില്‍നിന്ന് ലഭിച്ച രേഖകള്‍ ഹാജരാക്കി കൊയിലാണ്ടി ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് രജിസ്‌ട്രേഷന്‍ രേഖകള്‍ മുനീറിന്റെ പേരിലാക്കുകയും ചെയ്തു.
എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞദിവസമാണ് കോഴിക്കോട് കസബ പോലീസ് മുനീറിന്റെ വീട്ടിലെത്തിയത്. കളവുമുതലാണ് നിങ്ങളിപ്പോള്‍ ഉപയോഗിക്കുന്ന ബൈക്ക് എന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും മഹസര്‍ തയ്യാറാക്കി പിടിച്ചെടുക്കുകയും ചെയ്തു.
പോലീസിന്റെ പക്കല്‍നിന്ന് വാങ്ങിയ ബൈക്ക് എങ്ങനെയാണ് തൊണ്ടിമുതലായതെന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് മുനീര്‍. നിയമപരമായി സാധുതയുള്ള വാഹനമാണ് തന്റേതെന്നും അല്ലാതെ താനൊരു തെറ്റുംചെയ്തിട്ടില്ലെന്നും മുനീര്‍ പറഞ്ഞു. ഇനി ഒരാള്‍ക്കും ഇത്തരം പ്രയാസം വരരുതെന്നും പോലീസിന് പറ്റിയവീഴ്ചയുടെ പേരില്‍ നിയമപരമായി സ്‌റ്റേഷനില്‍നിന്ന് വാഹനം വാങ്ങിയ ഉടമസ്ഥനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ നിജസ്ഥിതി അറിയാനും കഷ്ടനഷ്ടങ്ങള്‍ക്കും മനഃപ്രയാസമുള്‍പ്പെടെയുണ്ടായതിനും നടപടി ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് മുനീര്‍. അതിനിടെ 2010ല്‍ കളവുപോയ ബൈക്കാണിതെന്നും ആദ്യത്തെ ഉടമസ്ഥന്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പുനരന്വേഷണം നടത്തി കോടതിയില്‍ സമര്‍പ്പിക്കാനാണ് ബൈക്ക് ഏറ്റെടുത്തതെന്നും മുനീറിന് നിയമപരമായി കോടതിയെ സമീപിച്ച് നഷ്ടപരിഹാരമോ വണ്ടിയോ വാങ്ങാവുന്നതാണെന്നും കസബ പോലീസ് എസ്.എച്ച്.ഒ. അറിയിച്ചു.