പോലീസ് ഓണ്‍ലൈന്‍ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവര്‍ത്തനക്ഷമമായി; അപേക്ഷിക്കേണ്ടതെങ്ങനെ?


തിരുവനന്തപുരം: പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. കേരള പോലീസിന്റെ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. https://pass.bsafe.kerala.gov.in/ മുഖേന അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് പാസ് ഡൗണ്‍ലോഡ് ചെയ്യാം.


പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി. വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കുക.

മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ്സ് അനുവദിക്കുക. ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസില്ലാതെയും യാത്ര ചെയ്യാം.ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാകുന്നതുവരെ സത്യപ്രസ്താവനയോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഉപയോഗിച്ച് ആളുകള്‍ക്ക് യാത്ര ചെയ്യാം.