പോലീസ് എയ്ഡ് പോസ്റ്റ്, ഓട്ടോ ബേ, പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന്റെ മൂഖച്ഛായ മാറുന്നു; നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ


പേരാമ്പ്ര: നഗര സൗന്ദര്യവത്കരണ പ്രവൃത്തികളുടെ തുടര്‍ച്ചയായി പേരാമ്പ്ര ബസ് സ്റ്റാന്‍ഡും മുഖംമിനുക്കുന്നു. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്ഥിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചുള്ള പ്രവൃത്തികളാണ് നടക്കുക. നവീകരണ പ്രവൃത്തിയുടെ ഭാഗമായി പോലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാര്‍ക്ക് വെയിറ്റിംഗ് ഷെഡ്, ഓട്ടോ ബേ എന്നിവ നിര്‍മ്മിക്കും.

പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ ഫെബ്പുവരി മൂന്നിന് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമാദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മെയ് മാസം അവസാനത്തോട നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി കരാറുടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരണ പൂര്‍ത്തിയാകുന്നതോടെ ബസ് സ്റ്റാന്‍ഡിന്റെ മുഖച്ഛായ മാറുമെന്നും ഏറെക്കാലമായുള്ള യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പേരാമ്പ്ര ബസ് സ്റ്റാന്റിലെത്തുന്ന കോഴിക്കോട്, കുറ്റ്യാടി ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് മഴയും വെയിലുംകൊണ്ട് ബസ് കയറേണ്ട സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരമായി ബസ് നിര്‍ത്തുന്നഭാഗത്ത് സംവിധാനമൊരുക്കും. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് മുന്നിലും ബസുകളില്‍ മഴനനയാതെ കയറാന്‍പറ്റുന്ന വിധത്തില്‍ മേല്‍ക്കൂരയില്‍ മൂന്‍ഭാഗം പൊളിച്ചുമാറ്റി ഷീറ്റിടും.

ക്ലോക്ക് ടവറുള്ള സ്ഥലത്തും മഴനനയാതിരിക്കാന്‍ മുകളില്‍ ഷിറ്റീടും. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റും പിന്നീട് നിര്‍മിക്കും. പദ്ധതിയുടെ ഭാഗമായി ബസ്സ്റ്റാന്‍ഡിന്റെ വശത്ത് ഓട്ടോനിര്‍ത്താനായി ഓട്ടോ ബേ നിര്‍മിക്കും.