പോരാട്ടത്തിനൊടുവില്‍ മൃത്യു; നാദാപുരത്ത് കാട്ടാടിനെ വിഴുങ്ങാനുള്ള ശ്രമത്തിനൊടുവില്‍ പെരുമ്പാമ്പും കാട്ടാടും ചത്തു


നാദാപുരം: വിലങ്ങാട് മലയോരത്ത് കാട്ടാടിനെ വിഴുങ്ങാനുള്ള ശ്രമത്തിനിടെ കൊമ്പുകൊണ്ട് കുത്തേറ്റ് പെരുമ്പാമ്പും ശ്വാസംമുട്ടി കാട്ടാടും ചത്തു. വിലങ്ങാട് വലിയ പാനോം കുരിശ് പള്ളി റോഡിലാണ് കാട്ടാടും പെരുമ്പാമ്പും ചത്തത്.

രണ്ടുദിവസംമുമ്പാണ് സംഭവം. സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ പെരുമ്പാമ്പ് കാട്ടാടിനെ പിടികൂടി വിഴുങ്ങാനുള്ള ശ്രമത്തിന്റെ ദൃശ്യങ്ങളാണ് സ്ഥലത്ത് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ആടിന്റെ കൊമ്പുകൊണ്ട് പാമ്പിന് കുത്തേറ്റു. മുറിവേറ്റനിലയിൽ പാമ്പ് കിടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.

ഇതിനിടയിൽ പാമ്പ് കഴുത്തിൽ ചുറ്റിവരിഞ്ഞ് ആടും ചത്തു. മീറ്ററോളംനീളമുള്ള പാമ്പിന്റെ ശരീരത്തിൽ കൊമ്പ് തുളച്ചുകയറിയ മുറിവുകണ്ടതോടെ നാട്ടുകാർ വനംവകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് ആടിനെയും പാമ്പിനെയും വനംവകുപ്പ് അധികൃതർ കൊണ്ടുപോയി.