ഭാര്യയുമായി ആശുപത്രിയിലേക്ക് പോകുന്ന യുവാവിന് ധരിക്കാന്‍ വസ്ത്രം ഊരി നല്‍കി മാതൃകയായി DYFI നേതാവ്; നന്മയുടെ പ്രതീകമായെത്തിയ യുവാവിന് നാടിന്റെ കയ്യടി, ഒആര്‍ കേളു MLA യുടെ എഫ്ബി പോസ്റ്റ് വൈറല്‍
മാനന്തവാടി: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുന്ന ആദിവാസി യുവാവിന് ധരിക്കാന്‍ സ്വന്തം ഉടുമുണ്ടും, ടീ ഷര്‍ട്ടും ഊരി നല്‍കി ഡിവൈഎഫ് നേതാവ്. തവിഞ്ഞാല്‍ വെണ്‍മണി സ്വദേശിയും സി.പി.ഐ.എം വെണ്‍മണി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ വാളാട് മേഖല പ്രസിഡന്റും ആയ അര്‍ജുന്‍ വെണ്‍മണിയാണ് നാടിനു മാതൃകയായത്.
കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെണ്‍മണി ആദിവാസി കോളനിയിലെ യുവതി മിനിക്ക് സാരമായി പൊള്ളലേല്‍ക്കുന്നത്. ഉടനെ അര്‍ജുനന്‍ സുഹൃത്തിനൊപ്പം മിനിയുടെ ഭര്‍ത്താവ് ഗോപിയേയും കൂട്ടി മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തി. ഗുരുതരാവസ്ഥയിലായ മിനിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടര്‍ പറഞ്ഞു.
ഭര്‍ത്താവായ ഗോപിയാണ് ആംബുലന്‍സില്‍ കൂടെ പോകേണ്ടത്. കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീര്‍ഘയാത്രക്ക് പറ്റിയ ഒന്നുമായിരുന്നില്ല. പെട്ടെന്ന് വന്നതിനാല്‍ ആരുടേയും കയ്യില്‍ പണവുമില്ല. കൂടാതെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ കടകളുമില്ല. ഒടുവില്‍ മൊഴിയെടുക്കാനായി വന്ന പോലീസുകാരനോട് 500 രൂപ കടം വാങ്ങി നല്‍കിയ ശേഷം, ഒട്ടും മടി കൂടാതെ താനിട്ടിരുന്ന വസ്ത്രവും അര്‍ജുന്‍ ഗോപിക്ക് ഊരി നല്‍കി ആംബുലന്‍സില്‍ കയറ്റി വിട്ടു.
മാനന്തവാടി എംഎല്‍എ വിഷയത്തെക്കുറിച്ച് എഫ്ബി പോസ്റ്റിട്ടതോടെയാണ് ജനങ്ങള്‍ വിഷയമറിഞ്ഞത്.
എഫ് ബി പോസ്റ്റ് പൂര്‍ണ രൂപത്തില്‍
https://m.facebook.com/story.php?story_fbid=2964731070513887&id=1584160928570915