പൊയിൽക്കാവ് ക്ഷേത്രോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രോത്സവത്തിന് ഞായറാഴ്ച രാത്രി കൊടിയേറി. കോവിഡ്നിയന്ത്രണങ്ങൾ പാലിച്ചുനടത്തുന്ന ഉത്സവത്തിന് ദീപാരാധനയ്ക്കുശേഷം ആദ്യം വനദുർഗാക്ഷേത്രമായ പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെക്കാവിലും കൊടിയേറി.

കൊടിയേറ്റത്തിന് തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. 15-ന് രാത്രി ഹരിമാധവ്, അനന്ദുകൃഷ്ണ എന്നിവരുടെ ഇരട്ടത്തായമ്പക, 16-ന് ബാലുശ്ശേരി ഷിനോജ് മാരാരുടെ തായമ്പക, 17-ന് ചെറിയവിളക്ക് ദിവസം കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദിന്റെ തായമ്പക, 18-ന് വലിയ വിളക്കുദിവസം ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, വൈകീട്ട് പള്ളിവേട്ട തുടർന്ന് കലാമണ്ഡലം ശിവദാസൻ മാരാരുടെ നേതൃത്വത്തിൽ വനമധ്യത്തിൽ പാണ്ടിമേളം, തുടർന്ന് കാഞ്ഞിലശ്ശേരി വിനോദ് മാരാർ, കലാമണ്ഡലം ശിവദാസ് എന്നിവരുടെ ഇരട്ടത്തായമ്പക.

19-ന് കാലത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, വനമധ്യത്തിൽ പാണ്ടിമേളം, വൈകീട്ട് മൂന്നുമുതൽ വിവിധദേശങ്ങളിൽനിന്നുള്ള ആചാരവരവുകൾ, ദീപാരാധനയ്ക്കുശേഷം ഗജവീരൻമാരുടെ അകമ്പടിയോടെ പൂരംപുറപ്പാട്, ആലിൻകീഴ്‌മേളം, ഡയനാമിറ്റ് ഡിസ്പ്ലേ, കരിമരുന്നുപ്രയോഗം എന്നിവ നടക്കും. 20-ന് വൈകീട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.