പൊയിൽക്കാവിൽ വാഹനാപകടം: മകൾ ഓടിച്ച സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ച് ഉമ്മ മരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവിൽ ദേശീയപാതയിൽ മകൾ ഓടിച്ച സ്കൂട്ടറിനു പിറകിൽ ലോറിയിടിച്ച് ഉമ്മയ്ക്ക് ദാരുണാന്ത്യം. കാരപ്പറമ്പ് മൊടപ്പാട്ട് പാലം വടക്കെ മുടപ്പാട്ട് ബിച്ചാമി ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.

മകളോടൊപ്പം സ്കൂട്ടറിന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു ബിച്ചാമി. ഈ സമയം ലോറി ഇവരുടെ സ്കൂട്ടറിന് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ ബിച്ചാമിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ചു.

ബിച്ചാമിയും മകളും കോഴിക്കോട് ഭാഗത്ത് നിന്നും വരുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന മകളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പരേതനായ ആലിയാണ് ഭർത്താവ്. സനിത, സജിത, സാഹിർ, സെരിത്ത് എന്നിവർ മക്കളാണ്.മുത്തലിബ്, റിഷാന സെറീന മരുമക്കളാണ്.