പൊന്തക്കാട്, ഇഴജന്തുക്കൾ, ഭീതിയായി കനാൽ; ഡാം തുറക്കും മുൻപ് നന്നാക്കൂ എന്ന് ജനങ്ങൾ


കൊയിലാണ്ടി: കുറ്റന്‍ പാറയും മണ്ണും ഇടിഞ്ഞു വീണും, കൊടുങ്കാട് നിറഞ്ഞും കിടക്കുന്ന ആഴാവില്‍ ക്ഷേത്രത്തിന് സമീപത്തെ കനാല്‍ നന്നാക്കണമെന്ന് പ്രദേശവാസികള്‍. കഴിഞ്ഞ മഴക്കാലത്താണ് കനാലിലേക്ക് തൊട്ടടുത്തുളള മലയില്‍ നിന്ന് വലിയ പാറയും മണ്ണും മരങ്ങളും ഇടിഞ്ഞു വീണത്. ഏകദേശം 15 മീറ്ററോളം താഴ്ചയിലാണ് ഇവിടെ കനാല്‍ നിര്‍മ്മിച്ചത്. ഈ ഭാഗത്താണ് മണ്ണും കല്ലും വീണു കിടക്കുന്നത്. മുമ്പൊക്കെ കനാല്‍ പാതയോരത്ത് കൂടി ആളുകള്‍ സഞ്ചരിക്കുമായിരുന്നു.

പൊന്തക്കാടും ഇഴജന്തുക്കളും കൂടിയതോടെ ആള്‍പെരുമാറ്റം ഇല്ലാതായി. ഇപ്പോള്‍ ഈ പൊന്തക്കാട്ടില്‍ മുളളന്‍പന്നിയും, വിഷപാമ്പുകളും താവളമാക്കിയിരിക്കുകയാണ്. കുറ്റിക്കാട് നിറഞ്ഞ ഇവിടെ കനാല്‍ നന്നാക്കാന്‍ കഴിയില്ല. ഇതിനിടയിലൂടെയാണ് വര്‍ഷാവര്‍ഷം കനാല്‍വെളളം നേര്‍ത്ത് ഒഴുകിയെത്തുക. മുകളില്‍ നിന്ന് ഭീമന്‍ പാറയാണ് കനാലിലേക്ക് ഇടിഞ്ഞു വീണത്. ഇതോടെ കനാല്‍ പൂര്‍ണ്ണമായി മൂടപ്പെട്ട അവസ്ഥയാണ്. കുറ്റിക്കാടുകളള്‍ നിറഞ്ഞു കിടക്കുന്ന ഇവിടെ എത്താനും വലിയ പ്രയാസമാണ്.

അടുത്ത മാസത്തോടെ പെരുവണ്ണാമൂഴി ഡാമില്‍ നിന്ന് ജലവിതരണം ആരംഭിക്കും. അതിന് മുമ്പെ കനാലില്‍ വീണു കിടക്കുന്ന കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്തില്ലെങ്കില്‍ കനാല്‍ ജലവിതരണം തടസ്സപ്പെടും. ഇത് നടേരി, കാവുംവട്ടം, മരുതൂര്‍ ഭാഗങ്ങളില്‍ കൊടും വരള്‍ച്ചയ്ക്ക് ഇടയാക്കും. ഈ പ്രദേശങ്ങളിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നത് കനാല്‍ വെളളമാണ്.

കനാല്‍ വിതരണത്തെ ആശ്രയിച്ചാണ് പുഞ്ച നെല്‍കൃഷിയും പച്ചക്കറി കൃഷിയും വാഴകൃഷിയുമെല്ലാം നടത്തുന്നത്.
ആഴാവില്‍ താഴ ഭാഗത്ത് കനാല്‍ നന്നാക്കാന്‍ 4.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ട്. കനാല്‍ ജലവിതരണം ആരംഭിക്കും മുമ്പെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എം.കെ.മനോജ് പറഞ്ഞു.

ആഴാവില്‍ താഴ ഭാഗത്ത് കനാല്‍ നന്നാക്കാന്‍ ജലസേചന വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കനാലില്‍ വളര്‍ന്ന് കിടക്കുന്ന പൊന്തക്കാടുകള്‍ വെട്ടി മാറ്റാന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കാനും നടപടിയെടുക്കുമെന്ന് കൗൺസിലർ കെ.എ.ഇന്ദിര പറഞ്ഞു.