വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രം, പൊതുപരിപാടികള്‍ക്ക് വിലക്ക്, നിയന്ത്രണങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍; കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകും ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം അനുസരിച്ചു ജില്ലകളെ തരംതിരിച്ചാണു നിയന്ത്രണം ഏർപ്പെടുത്താനാണു കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.

തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ശക്തമായ നിയന്ത്രണമേർപ്പെടുത്തും. പൊതുപരിപാടികൾക്ക് പൂർണവിലക്കാണ്. വിവാഹ, മരണ ചടങ്ങുകളില്‍ 20 പേർക്കുമാത്രമായിരിക്കും അനുമതിയുണ്ടാകുക. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്തണം.

സ്‌കൂളുകള്‍ പൂര്‍ണ്ണമായും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ളവര്‍ക്കായിരുന്നു 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിരുന്നത്. പത്ത് മുതല്‍ പ്ലസ്ടുവരെയുള്ളവര്‍ക്കും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. കോളേജുകള്‍ തത്കാലം അടയ്‌ക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനസർക്കാർ നിർദേശിക്കുന്നത്. തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല. രാത്രികാല കര്‍ഫ്യൂവേണ്ടെന്ന് അവലോകനയോഗം തീരുമാനിച്ചു.

വ്യാഴാഴ്ച കേരളത്തിൽ പ്രതിദിന കോവിഡ് കേസിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 46,387 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 40.21. സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി.