പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; പഞ്ചായത്ത് സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍, സിറ്റിസണ്‍ പോര്‍ട്ടല്‍ ഒരുങ്ങുന്നു, സേവനങ്ങള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും


കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സിറ്റിസണ്‍ പോര്‍ട്ടല്‍ ഒരുങ്ങുന്നു.ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. പോര്‍ട്ടല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും

പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതന സോഫ്റ്റ് വെയര്‍അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായ (ഐഎല്‍ജിഎംഎസ്)ത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ്‌ സിറ്റിസണ്‍ പോര്‍ട്ടല്‍.

എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.

കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് നിലവില്‍ വിന്യസിച്ചു പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തുന്നതിനും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനും സിറ്റിസണ്‍ പോര്‍ട്ടല്‍ സഹായിക്കും.