പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; അക്ഷയ സെന്ററുകള്‍ ഇനി ‘സി’ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും തുറന്നു പ്രവര്‍ത്തിക്കും


പേരാമ്പ്ര: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അക്ഷയ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ അക്ഷയ സെന്ററുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തടസ്സം നേരിട്ടുരുന്നു. ഈ സാഹചര്യത്തിലാണ് കാറ്റഗറി സി യില്‍ ഉല്‍പ്പെടുന്ന പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോടെ അക്ഷയ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

കാറ്റഗറി സിയില്‍പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്ന അക്ഷയ സെന്ററുകള്‍ക്ക് കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കാം. ഒരേസമയം 4 പേരില്‍ കൂടുതല്‍ ആളുകള്‍ സെന്ററിനകത്ത് പ്രവേശിക്കാന്‍ പാടില്ല. 50% ജീവനക്കാരെ വെച്ച് അക്ഷയ സെന്ററുകള്‍ രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 5.00 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി.