പൊതുഗതാഗത സംവിധാനത്തിൽ സ്ത്രീകൾക്കിനി സുരക്ഷിതമായി യാത്ര ചെയ്യാം; ‘നിർഭയ’ പദ്ധതി ഉടൻ ആരംഭിക്കും


തിരുവനന്തപുരം: യാത്രാവേളയിൽ സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ ആവിഷ്‌കരിച്ച ‘നിർഭയ’ പദ്ധതി ഉടൻ നടപ്പിലാക്കാൻ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റവും എമര്‍ജന്‍സി ബട്ടനും സ്ഥാപിക്കും. 24 മണിക്കൂറും വാഹനങ്ങൾ നിരീക്ഷിച്ച് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെയുള്ള യാത്രയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യംവെച്ചുള്ളതാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ ഐഎഎസ്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍ ഐ.പി.എസ്, സി-ഡാക്കിലെയും ഗതാഗത വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.