പൊട്ടിയ സ്ലാബുകളും അടര്‍ന്നുവീഴുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരയും; നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ ആശങ്കയിലായി അരിക്കുളം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ (വീഡിയോ കാണാം)



അരിക്കുളം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം അനിശ്ചിതത്വത്തിലായി അരിക്കുളം എല്‍.പി സ്‌കൂളിന്റെ പ്രവര്‍ത്തനം. സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ പൊളിച്ചുമാറ്റി നിര്‍മ്മിക്കണമെന്ന് പി.ഡബ്ല്യു.ഡി എഞ്ചിനിയര്‍ ഉള്‍പ്പെടെ പറഞ്ഞിട്ടും മാനേജ്‌മെന്റ് സ്വീകരിക്കുന്ന നിഷേധാത്മക സമീപനമാണ് ഇവിടുത്തെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.

2004ലാണ് ഈ സ്‌കൂളിന്റെ ഇപ്പോഴുള്ള കെട്ടിടം നിര്‍മ്മിച്ചത്. വരാന്തയില്‍ മതിയായ പില്ലറുകള്‍ സ്ഥാപിക്കാതെ നിര്‍മ്മിച്ചതുകാരണം കെട്ടിടത്തിന്റെ മുന്‍വശം താണുപോയി. കല്ലുകൊണ്ട് തൂണ് നിര്‍മ്മിച്ച് ഇത് താങ്ങി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുകയാണ്. ഇത് മറയ്ക്കാനായി ഇടയ്ക്കിടെ അടയ്ക്കും. അത് വീണ്ടും പൊളിയും എന്ന അവസ്ഥയാണിപ്പോള്‍.

2019ല്‍ നാലിടങ്ങളിലാണ് കോണ്‍ക്രീറ്റ് കഷണങ്ങള്‍ പൊളിഞ്ഞുവീണതെങ്കില്‍ 2020 ആകുമ്പോഴേക്കും അന്‍പതോളം ഇടങ്ങളില്‍ കോണ്‍ക്രീറ്റ് പാളികള്‍ വീണെന്ന് സ്‌കൂള്‍ പി.ടി.എ എക്‌സിക്യുട്ടീവ് മെമ്പറായ അംജിത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പൊളിഞ്ഞുവീഴുന്ന കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ ഭാഗ്യപരീക്ഷണത്തിന് ഞങ്ങള്‍ കുട്ടികളെ വിട്ടുകൊടുക്കണോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

സ്‌കൂള്‍ കെട്ടിടത്തിന്റെ അവസ്ഥ സംബന്ധിച്ച് കലക്ടര്‍ക്കും, വിദ്യാഭ്യാസ മന്ത്രിയ്ക്കും, പൊതുമരാമത്ത് മന്ത്രിയ്ക്കും ഡി.ഇ.ഒ, എ.ഇ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ‘കെട്ടിടത്തിന്റെ സ്ലാബും ചുമരുകളും അപകടാവസ്ഥയിലാണ്. നിലവില്‍ സ്‌കൂള്‍ കെട്ിടടം ഉപയോഗയോഗ്യമല്ല എന്ന രീതിയില്‍ എല്‍.എസ്.ജി.ഡി എഞ്ചിനിയറിംഗ് വിഭാഗം സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട എന്നറിയാന്‍ കഴിഞ്ഞു. സ്‌കൂളിന്റെ പ്രവര്‍ത്തനത്തിായി താല്‍ക്കാലിക കെട്ടിടം കണ്ടെത്തേണ്ടതും നിലവിലുള്ള കെട്ടിടം പൂര്‍ണ്ണമായും പൊളിച്ച് പണിയേണ്ടതുമാണ്. പ്രത്യക്ഷത്തില്‍ സ്‌കൂള്‍ കെട്ടിടം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത രീതിയില്‍ ശോചനീയമാണ്’ എന്നാണ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയറുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ സ്‌കൂള്‍ കെട്ടിടം പൊളിച്ചുപണിയാനോ അതുവരെ പ്രവര്‍ത്തിക്കാന്‍ താല്‍ക്കാലിക കെട്ടിടം കണ്ടെത്താനോ ഉള്ള ശ്രമങ്ങള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല. 58 കുട്ടികളാണ് ഈ സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്നത്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ ഈ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞദിവസം പഞ്ചായത്ത് സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തിലും മാനേജ്‌മെന്റ് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


നിലവില്‍ സ്‌കൂളിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യം എ.ഇയുടെ പരിഗണനയിലാണെന്നാണ് എ.ഇ.ഒ സുധ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഫിറ്റ്‌നസ് കാര്യത്തില്‍ തീരുമാനം വൈകുന്നതിനു പിന്നില്‍ മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദമുണ്ടെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

കുട്ടികളുടെ ജീവന്‍ ഭാഗ്യപരീക്ഷണത്തിന് വിട്ടുകൊടുക്കാമെന്ന തരത്തിലുള്ള മാനേജ്‌മെന്റ് നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. മാനേജ്‌മെന്റിന്റെ ധിക്കാര പരമായ നിലപാടിനെതിരെ, പൊതുവിദ്യാലയം സംരക്ഷിക്കുക, കുരുന്നുകളുടെ ജീവന്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ന് വൈകുന്നേരം 5മണിക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചിരുന്നു.

വീഡിയോ കാണാം: