പൊട്ടിത്തെറിച്ചത് ക്വാറിയില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍; ഭൂചലനമാണെന്നു കരുതി പരിഭ്രാന്തരായി ജനം; വടക്കാഞ്ചേരിയിലെ അപകടം ഇങ്ങനെ


തൃശൂര്‍: വടക്കാഞ്ചേരി മുള്ളൂര്‍ക്കര വാഴക്കോട്ടെ കരിങ്കല്‍ ക്വാറിയില്‍ ഇന്നലെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത് ക്വാറി ഉടമകളിലൊരാളായ അബ്ദുല്‍ റഷീദ് (45). മാസങ്ങളായി അടഞ്ഞുകിടന്ന ക്വാറിയില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയ സമയത്തു ബാക്കിയുണ്ടായിരുന്ന വെടിമരുന്നും സ്‌ഫോടക സാമഗ്രികളും ഇവിടെ മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.

ഇവ നീക്കാന്‍ ക്വാറിയുടെ ലൈസന്‍സ് ഉടമയായ അസീസിനൊപ്പം റഷീദ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായെന്നാണു പ്രാഥമിക നിഗമനം. ഇവര്‍ ക്വാറിയിലെ വെള്ളക്കുഴിയില്‍ മീന്‍പിടിക്കാന്‍ എത്തിയതാണെന്നും വിവരമുണ്ട്.

ഇതിനോടു ചേര്‍ന്നുള്ള മീന്‍വളര്‍ത്തല്‍ കേന്ദ്രത്തില്‍ മീന്‍ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു അബ്ദുള്‍ റഷീദ് എന്നാണ് പറയുന്നത്. ഇന്നലെ രാത്രി 7.40ന് ആയിരുന്നു നാടിനെ ഞെട്ടിച്ച സ്‌ഫോടനം. ആറ് മാസമായി ക്വാറി പ്രവര്‍ത്തിച്ചിരുന്നില്ല.

സ്‌ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. വെടിമരുന്ന് അടക്കം സ്‌ഫോടക വസ്തുക്കള്‍ കുഴിച്ചിട്ട സ്ഥലത്തു 2 മീറ്റര്‍ ആഴത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഭൂചലനമാണെന്നു കരുതി ജനം പരിഭ്രാന്തരായി. സമീപ മേഖലകളിലെ ഒട്ടേറെ വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായി. അതേസമയം അപകടത്തില്‍ പരിക്കേറ്റവര്‍ തൊഴിലാളികളാണെന്നാണ് വിവരം.

തൊഴിലാളികളും നാട്ടുകാരുമായ ഉമ്മര്‍, അസീസ്, അബൂബക്കര്‍ എന്നിവരും രണ്ട് അന്യസംസ്ഥാന തൊഴിലാളികളുമാണ് പരിക്കേറ്റവര്‍. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.