പേഴ്‌സണല്‍ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരുന്നുണ്ടോ?; തടയാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍


ഗൂഗിള്‍ സെര്‍ച്ചില്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കി ഗൂഗിള്‍ (Google). നിങ്ങളുടെ അഡ്രസ്, മറ്റ് പേഴ്സണല്‍ വിവരങ്ങള്‍ എന്നിവ ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് അതിവേഗത്തില്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാനുള്ള സംവിധാനമാണ് ഇത്.

നേരത്തെ വളരെയെരെ നീണ്ട അഭ്യര്‍ത്ഥനകളും, ഇ-മെയില്‍ ഇടപാടും ആവശ്യമായ പ്രക്രിയയാണ് ഗൂഗിള്‍ പുതിയ സംവിധാനത്തിലൂടെ എളുപ്പമാക്കിയിരിക്കുന്നത്. ഗൂഗിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ ബുധനാഴ്ചയാണ് ഗൂഗിള്‍ ഈ പ്രത്യേകത അവതരിപ്പിച്ചത്.

“നിങ്ങൾ ഗൂഗിള്‍ സെര്‍ച്ചില്‍ നിങ്ങളുടെ ഫോൺ നമ്പർ, വീട്ടുവിലാസം അല്ലെങ്കിൽ ഇമെയിൽ വിലാസം എന്നിങ്ങനെയുള്ള വ്യക്തിപരമായ കാര്യങ്ങള്‍ ഫലങ്ങളായി കണ്ടാല്‍, ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് അവ നീക്കം ചെയ്യാൻ നിങ്ങൾക്ക് വേഗത്തിൽ അഭ്യർത്ഥിക്കാൻ കഴിയും – ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. “ഈ പുതിയ ടൂൾ ഉപയോഗിച്ച്, ഏതാനും ക്ലിക്കുകളിലൂടെ നിങ്ങൾക്ക് തിരയലിൽ നിന്ന് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നീക്കംചെയ്യാൻ അഭ്യർത്ഥിക്കാം, കൂടാതെ നിങ്ങളുടെ നിര്‍ദേശം എങ്ങനെ പരിഗണിക്കുന്നുവെന്നും നിങ്ങള്‍ക്ക് നിരീക്ഷിക്കാനും കഴിയും ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

ഏപ്രിൽ അവസാനത്തെ ഗൂഗിള്‍ പോളിസി അപ്‌ഡേറ്റ് അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ ഈ ടൂളിന് രൂപം നല്‍കിയിരിക്കുന്നത്. ഈ ഡാറ്റ അപ്ഡേറ്റിലൂടെ ഗൂഗിള്‍ സ്വകാര്യവിവരങ്ങളായി പരിഗണിക്കുന്ന കാര്യങ്ങളുടെ പട്ടിക വിപൂലീകരിച്ചിരുന്നു.

ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാന്‍ ഈ ടൂള്‍ നിങ്ങളെ അതിവേഗത്തില്‍ സഹായിക്കുന്നു. എങ്കിലും പൂര്‍ണ്ണമായും ഈ ടൂള്‍ വഴിയുള്ള അഭ്യര്‍ത്ഥന നടപ്പിലാക്കി തരും എന്ന് ഗൂഗിള്‍ ഉറപ്പ് നല്‍കുന്നില്ല. “ഞങ്ങൾക്ക് നീക്കംചെയ്യൽ അഭ്യർത്ഥനകൾ ലഭിക്കുമ്പോൾ, വാർത്താ ലേഖനങ്ങളിലെ കാര്യങ്ങള്‍, വലിയ രീതിയില്‍ ഉപയോഗപ്രദമായ മറ്റ് വിവരങ്ങള്‍, വെബ് പേജിലെ മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ ഈ നീക്കം ചെയ്യുന്നതില്‍ കൃത്യമായ പരിശോധനയുണ്ടാകും” ബുധനാഴ്ചത്തെ ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ പറയുന്നു.

ലോകത്തിലെ ഇന്‍റര്‍നെറ്റിന്‍റെ ബ്രൗസിംഗിന്‍റെ ഭൂരിഭാഗവും നടത്തുന്നത് ഗൂഗിള്‍ വഴിയാണ് എന്നതിനാല്‍ പുതിയ മാറ്റം വലിയമാറ്റം വരുത്തുമെന്നാണ് കരുതപ്പെടുന്നത്.