പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു; സ്‌കൂള്‍ പരിസരത്ത് നായശല്യം രൂക്ഷം


പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇവരില്‍ ഒരു വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വച്ചാണ് നായ കുട്ടികളെ കടിച്ചത്. സ്‌കൂള്‍ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ് എന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.

കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കാഞ്ചേരി പരുത്തിപ്രയിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ വയോധികനും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്കുമാണ് പരിക്കേറ്റത്. കടമ്പാട്ട് വീട്ടില്‍ ചന്ദ്രന്റെ മകള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മിനിത (14), സുലൈമാന്‍ (65) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉത്രാളിക്കാവ് ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് തെരുവ് നായ നാട്ടുകാരെ ആക്രമിച്ചത്. സ്‌കൂള്‍ വിട്ട് ബസില്‍ ഉത്രാളിക്കാവ് ബസ് സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന മിനിതക്കും കൂട്ടുകാര്‍ക്കും നേരെ ആക്രമണകാരിയായ നായ പാഞ്ഞടുക്കുകയായിരുന്നു.

കയ്യില്‍ കടിച്ചു വലിച്ച നിലയില്‍ നിലത്തു വീണ കുട്ടിയെ അതുവഴി വന്ന ആംബുലന്‍സ് ഡ്രൈവറും പൊതു പ്രവര്‍ത്തകനുമായ സജിത്ത് അഹമ്മദ് (35) ആണ് രക്ഷപ്പെടുത്തിയത്. കല്ലെടുത്ത് നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിനും നിലത്തു വീണ് കൈക്ക് പരുക്കേറ്റു. ഇതുവഴി വന്ന വയോധികനും നായയുടെ കടിയേറ്റു.