പേരാമ്പ്ര സീറ്റ് ലീഗിന്: മിസ്ഹബ് കീഴരിയൂര്‍ സ്ഥാനാര്‍ത്ഥിയായേക്കും


കോഴിക്കോട്: പേരാമ്പ്ര മണ്ഡലം മുസ്ലീം ലീഗിന് വിട്ടുനൽകാൻ ധാരണ. കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് പോയതോടെയാണ് അധികം വരുന്ന സീറ്റുകളിൽ തീരുമാനമെടുക്കുന്നത്. അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളേക്ക് മാറ്റിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വം.

കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ മണ്ഡലം ലീഗിന് നല്‍കാമെന്നായിരുന്നു തുടക്കത്തില്‍ കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പേരാമ്പ്ര എന്നതായിരുന്നു ലീഗിന്‍റെ ആവശ്യം. നിരവധി തവണ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ലീഗ് ആവശ്യത്തിന് വഴങ്ങിയെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിയമസഭ സീറ്റുകളുടെ കാര്യത്തില്‍ ലീഗില്‍ ഏകദേശ ധാരണയായിട്ടുണ്ട്. പ്രഖ്യാപനം മാത്രമാണ് നാളേക്ക് മാറ്റിവെച്ചതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അധികമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പേരാമ്പ്ര സീറ്റില്‍ എംഎസ്എഫ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ മിസ്ഹബ് കീഴരിയൂരിനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.

വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയില്‍ കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനവും മണ്ഡലത്തിലെ സ്വീകാര്യതയും കണക്കിലെടുത്താണ് മിസ്ഹബിന്‍റെ പേര് ഉയര്‍ന്ന് വന്നത്. സ്ഥാനാര്‍ത്ഥിത്വ കാര്യങ്ങള്‍ക്കായി മിസ്ഹബിനെ ലീഗ് നേതൃത്വം പാണക്കാട്ടേക്ക് വിളിപ്പിച്ചെന്നാണ് ലീഗ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.

മണ്ഡലത്തിലേക്ക് ലീഗ് പരിഗണിക്കുന്ന മറ്റൊരു പേര് സിപിഎ അസീസ് മാസ്റ്ററുടേതാണ്. പേരാമ്പ്ര മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള നേതാവ് ആണെങ്കില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇദ്ദേഹത്തിന് എതിരാണ് എന്നതാണ് പ്രതികൂല ഘടകം. ഇക്കാര്യം കൂടി പരിഗണിച്ച് മിസ്ഹബിനെ തന്നെ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറായേക്കുമെന്നാണ് പ്രതീക്ഷ.