പേരാമ്പ്ര സബ്ട്രഷറിക്ക് പുതിയമുഖം; കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
പേരാമ്പ്ര: പേരാമ്പ്ര സബ് ട്രഷറിയുടെ പുതിയ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു. പുതിയ ഇരു നില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണിപ്പോള്‍. പഴയ സബ് ട്രഷറി കെട്ടിടം പ്രവര്‍ത്തിച്ചിരുന്ന പേരാമ്പ്ര പയ്യോളി റോഡിനുസമീപത്തുള്ള സ്ഥലത്തു തന്നെയാണ് പുതിയ കെട്ടിടമുയര്‍ന്നത്.
പുതിയ ഇരുനില കെട്ടിടത്തില്‍ താഴെ ട്രഷറിയും മുകള്‍നിലയില്‍ ഫയല്‍ സൂക്ഷിക്കാനുള്ള മുറികളും മീറ്റിങ് ഹാളുമാണ് ഉണ്ടാകുക. സംസ്ഥാനത്തെ ട്രഷറികള്‍ നവീകരിക്കാനുള്ള ട്രഷറി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 2.83 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. സിവില്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് പ്രവൃത്തികളും എല്ലാവശത്തും ചുറ്റുമതില്‍ നിര്‍മാണവും പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തികരിക്കണമെന്ന വ്യവസ്ഥയടെ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പ്രവൃത്തിക്കായി സ്ഥലം കരാറുകാര്‍ക്ക് കൈമാറിയത്. സര്‍ക്കാരിന്റെകീഴിലുള്ള ഇന്‍കല്‍ ലിമിറ്റഡിനാണ് നിര്‍മാണ മേല്‍നോട്ടച്ചുമതല. 2020 ജനുവരിയില്‍ ടെന്‍ഡര്‍ നടന്നെങ്കിലും പഴയകെട്ടിടം പൊളിച്ചുമാറ്റിയ ശേഷമേ പുതിയ കെട്ടിടപ്രവൃത്തി തുടങ്ങാനായുള്ളു. മാര്‍ച്ച് മാസത്തോടെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.