പേരാമ്പ്ര മേഖലയിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക; കായണ്ണ, അരിക്കുളം, തുറയൂര്‍ ഉള്‍പ്പെടെ മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ടി.പി.ആര്‍ 20 ശതമാനത്തിന് മുകളില്‍, ജാഗ്രത


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലധികമാണ്. കായണ്ണ, കൂത്താളി, ചങ്ങരോത്ത്, അരിക്കുളം, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ടി.പി. ആര്‍ നിരക്ക് 20 ശതമാനത്തിന് മുകളിലുള്ളത്.

കായണ്ണയില്‍ ഇന്ന് 33.13 ശതമാനമാണ് ടി.പി. ആര്‍. 106 പേരെയാണ് ഇന്ന് ടെസ്റ്റിന് വിധേയരാക്കിയത്. ഫലം വന്നപ്പോള്‍ അവരില്‍ 33 പേര്‍ക്കും കൊവിഡ് പോസിറ്റീവാണ്. കൂത്താളിയില്‍ ഇന്ന് 26.09 ശതമാനമാണ് ടി.പി.ആര്‍. 69 പേരില്‍ 18 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ചങ്ങരോത്ത് പഞ്ചായത്തില്‍ 145 പേരെ ടെസ്റ്റിന് വിധേയരാക്കിയപ്പോള്‍ 38 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. 26.21 ശതമാനമാണ് ചങ്ങരോത്തെ ഇന്നത്തെ ടി.പി. ആര്‍. നിലവില്‍ ഈ മൂന്നു പഞ്ചായത്തുകളും കാറ്റഗറി ഡി യിലാണ് ഉള്‍പ്പെടുന്നത്. ഇവിടെങ്ങളില്‍ കോവിഡ് വ്യാപനം കുറയ്ക്കാന്‍ കഴിയാത്തത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു.

കാറ്റഗറി സി യില്‍ ഉള്‍പ്പെട്ടിരിക്കുന്ന അരിക്കുളത്തും, തുറയൂരിലും ടി പി ആര്‍ നിരക്ക് ഉയരുകയാണ്. ഇന്ന് നടന്ന കൊവിഡ് ടെസ്റ്റില്‍ തുറയൂരില്‍ 56 പേരാണ് പങ്കെടുത്തത്. ഇതില്‍ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 21.43 ആണ് പഞ്ചായത്തിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അരിക്കുളത്ത് ഇത് 24.56 ശതമാനമാണ്. 57 പേരില്‍ 14 പേര്‍ക്കാണ് അരിക്കുളത്ത് രോഗം സ്ഥിരീകരിച്ചത്.