പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ പ്രതിദിന ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്, മേഖലയിലെ പഞ്ചായത്തുകള്‍ ഏതെല്ലാം? ടി.പി.ആര്‍ നിരക്ക് എത്ര? വിശദമായി നോക്കാം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമാണ്. പേരാമ്പ്ര, കായണ്ണ, അരിക്കുളം, ചെറുവണ്ണൂര്‍, നൊച്ചാട്, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിലാണ് ടി.പി. ആര്‍ നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ളത്.മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

പേരാമ്പ്ര പഞ്ചായത്തില്‍ 191പേരെ ടെസ്റ്റിന് വിധേയരാക്കിയപ്പോള്‍ 23 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. 12 ശതമാനമാണ് പേരാമ്പ്രയിലെ ഇന്നത്തെ ടി.പി. ആര്‍. 190 ഓളം പേരെ ടെസ്റ്റ് ചെയ്തതിനാലാണ് പേരാമ്പ്രയിലെ ടി.പി.ആര്‍ നിരക്ക് 12 ശതമാനമായത്. കഴിഞ്ഞ രണ്ട് ദിവസവും പോാരമ്പ്രയില്‍ 10 ശതമാനത്തിന് മുകളിലാണ് പ്രതിദിന ടി.പി.ആര്‍ നിരക്ക്. കാറ്റഗറി ബിയിലാണ് പേരാമ്പ്ര പഞ്ചായത്തിപ്പോള്‍.

കായണ്ണയില്‍ ഇന്ന് 37.5 ശതമാനമാണ് ടി.പി. ആര്‍. 16പേരെയാണ് ഇന്ന് ടെസ്റ്റിന് വിധേയരാക്കിയത്. ഫലം വന്നപ്പോള്‍ അവരില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് പോസിറ്റീവാണ്. ടെസ്റ്റ് കുറഞ്ഞതാണ് കായണ്ണയില്‍ ടി.പി.ആര്‍ നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലാകാന്‍ കാരണം. 23.53 ആയിരുന്നു ഇന്നലത്തെ കായണ്ണയിലെ ടി.പി.ആര്‍ നിരക്ക്. നിലവില്‍ കാറ്റഗറി ഡിയിലാണ് കായണ്ണ പഞ്ചായത്ത്.

ഇന്ന് നടന്ന കൊവിഡ് ടെസ്റ്റില്‍ നൊച്ചാട് പഞ്ചായത്തില്‍ 259 പേരാണ് പങ്കെടുത്തത്. ഇതില്‍ 28 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 10.8 ആണ് പഞ്ചായത്തിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെയിത് 36.11 ശതമാനമായിരുന്നു.

അരിക്കുളത്ത് ഇന്നും ടി.പി.ആര്‍ നിരക്ക് ഇതുപതിന് മുകളില്‍. 43 പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ 9 പേര്‍ക്ക് കൊവിഡ് പോസിറ്റീവീയതിനലാണ് പഞ്ചായത്തില്‍ ടി.പി.ആര്‍ നിരക്ക് 20.09 ശതമാനമായത്. ഇന്നലെ 21.15 ആയിരുന്നു അരിക്കുളത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ 10.2 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 187 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 19 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

കീഴരിയൂരിലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പത്ത് ശതമാനത്തില്‍ താഴെയായിരുന്നു ഇവിടത്തെ ടി.പി.ആര്‍ നിരക്ക്. എന്നാല്‍ ഇന്ന് അത് 13.3ശതമാനമായി ഉയര്‍ന്നു. 60 പേരെയാണ് പഞ്ചായത്തില്‍ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. അവരില്‍ 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പേരാമ്പ്ര മേഖലയിലെ പല പഞ്ചായത്തുകളിലും കൂടുതല്‍ കൊവിഡ് ടെസ്റ്റുകളാണ് നടത്തുന്നത്‌. ഇതില്‍ കുറഞ്ഞ ആളുകള്‍ക്കുമാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നതും ആശ്വാസം നല്‍കുന്നതാണ്. കുറച്ച് ടെസ്റ്റുകള്‍ മാത്രം നടത്തിയതിനാലാണ് കായണ്ണയിലെയും അരിക്കുളത്തെയും ടി.പി.ആര്‍ നിരക്ക് ഉയരാന്‍ കാരണമായത്.