പേരാമ്പ്ര മുതുകാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍; പേരാമ്പ്ര എസ്റ്റേറ്റില്‍ പോസ്റ്ററുകള്‍ വിതരണം ചെയ്തു


പേരാമ്പ്ര: മുതുകാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പേരാമ്പ്ര എസ്റ്റേറ്റിലെത്തിയ ഇവര്‍ തൊഴിലാളികള്‍ക്ക് പോസ്റ്ററുകള്‍ വിതരണം ചെയ്തു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ആയുധധാരികളായിരുന്നു.

ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഘം എത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അരമണിക്കൂറോളം സമയം ഇവര്‍ ഓഫീസില്‍ ചെലവഴിച്ചു. ഖനനത്തിനെതിരെയും പഞ്ചായത്ത് പ്രസിഡന്റിനെതിരെയുമുള്ള വാചകങ്ങളാണ് പോസ്റ്ററിന്റെ ഉള്ളടക്കം.

കഴിഞ്ഞ മാസവും ചക്കിട്ടപാറയിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. മുതുകാട്ടിലെ ചാക്കോ എന്ന വ്യക്തിയുടെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ചാര്‍ജ്ജ് ചെയ്ത് മടങ്ങുകയായിരുന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്.

പഞ്ചായത്ത് പ്രസിഡന്റിനെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും അന്ന് ഇവര്‍ സംസാരിച്ചു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഖനന മാഫിയക്കും എതിരായ പോസ്റ്റര്‍ വീട്ടില്‍ ഏല്‍പ്പിച്ചു. സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ വീടിന്റെ 50 മീറ്ററര്‍ മാത്രം അകലെയുള്ള വീട്ടിലാണ് കഴിഞ്ഞമാസം മാവോയിസ്റ്റുകളെത്തിയത്.