പേരാമ്പ്ര മണ്ഡലത്തിലെ പാഠശേഖരങ്ങള്‍ കൃഷിയോഗ്യമാക്കും; ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിനട, തവ്വാക്കുറ്റി തോട് നവീകരിക്കും -നിയമ സഭയിൽ ടി.പി.രാമകൃഷ്ണൻ എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ കൃഷി സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് നിയമസഭയില്‍ പറഞ്ഞു. എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ കരുവോട് കണ്ടംചിറയിലെ ചെളി നീക്കം ചെയ്ത് കൃഷിയോഗ്യമാക്കുമെന്നും, കീഴ്പ്പയ്യൂര്‍ പാഠശേഖരത്തില്‍ ബണ്ട് നിര്‍മ്മിക്കുന്നതിന് കെ.എല്‍.ഡി.സിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനകീയാസൂത്രണ പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് പള്ളിനട, തവ്വാക്കുറ്റി തോട് നവീകരണത്തിന് പദ്ധതി വെച്ചിട്ടുണ്ട്. വെളിയണ്ണൂര്‍ ചല്ലിയുടെ നവീകരണത്തിനും ആയത് കൃഷിയോഗ്യമാക്കുന്നതിനുമായി കൃഷി വകുപ്പ് മൈനന്‍ഇറിഗേഷന്‍ വകുപ്പുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കൃഷി മന്ത്രി പറഞ്ഞു.
മേപ്പയ്യൂര്‍ പഞ്ചായത്തിലെ കരുവോട് കണ്ടംചിറയില്‍ ഹിറ്റാച്ചി ഉപയോഗിച്ച് ചെളിയും പുല്ലും നീക്കി ഏകദേശം 180 ഏക്കര്‍ സ്ഥലം കൃഷി യോഗ്യമാക്കുന്നതിനും കീഴ്പ്പയ്യൂര്‍ പാഠശേഖരത്തില്‍ 600 മീറ്റര്‍ നീളത്തില്‍ ചെളിയെടുത്ത് ബണ്ട് നിര്‍മ്മിക്കുന്നതിനും ജില്ലാ പഞ്ചായത്ത് മുഖേന കെ.എല്‍.ഡി.സിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുവോട് കണ്ടംചിറ നവീകരണത്തിനും കൃഷിയോഗ്യമാക്കുന്നതിനും വേണ്ടി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖാന്തിരം 1,22,58.576 രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും കൃഷി മന്ത്രി വ്യക്തമാക്കി.