പേരാമ്പ്ര ബൈപ്പാസ്: മരങ്ങൾ മുറിച്ചുമാറ്റി പാതയൊരുക്കൽ തുടങ്ങി


പേരാമ്പ്ര : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പേരാമ്പ്ര ബൈപ്പാസ് റോഡ് നിർമാണത്തിനായി മരങ്ങൾ മുറിച്ചുമാറ്റി പാതയൊരുക്കുന്ന ജോലികൾ തുടങ്ങി. മൂന്ന് വീടുകളും പൊളിച്ചു മാറ്റുന്നുണ്ട്. 18.58 കോടിയാണ് റോഡ് നിർമാണത്തിനുള്ള അടങ്കൽ. 18 മാസംകൊണ്ട് പൂർത്തീകരിക്കണമെന്നാണ് നിർദേശം.

മേഞ്ഞാണ്യം, എരവട്ടൂർ വില്ലേജിൽ 3.7534 ഹെക്ടർ സ്വകാര്യഭൂമിയാണ് ബൈപ്പാസിനായി ഏറ്റെടുത്തത്. ഇതിൽ 3.68 ഹെക്ടർ നിലമാണ്. റോഡ്‌സ് ആൻഡ്‌ ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്.

കക്കാടുനിന്ന് കല്ലോടുവരെ

പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപത്തുനിന്ന് തുടങ്ങി കല്ലോട് എൽ.ഐ.സി.ക്ക് സമീപം എത്തുന്നവിധത്തിൽ 2.73 കിലോമീറ്റർ ദൂരത്തിലാണ് പാത. 12 മീറ്റർ വീതിയുണ്ടാകും. ബി.എം, ബി.സി. നിലവാരത്തിൽ നിർമിക്കുന്ന റോഡിന് മാത്രം ഏഴുമീറ്റർ വീതിവരും. ചിരുതക്കുന്ന് വെള്ളിയോടൻകണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നിവയ്ക്കെല്ലാം കുറുകെയാണ് പാത കടന്നുപോകുക. 99.15 കോടിരൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. നേരത്തെ 68 കോടിയുടെ പദ്ധതിയാണ് കിഫ്ബി അംഗീകരിച്ചിരുന്നത്. പിന്നീട് തുക വർധിപ്പിക്കുകയായിരുന്നു.

2008-ലാണ് ബൈപ്പാസ് റോഡ് നിർമിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയത്. സ്ഥലമെടുപ്പിനെതിരേ പ്രതിഷേധം ഉയർന്നതോടെ പാതിവഴിയിലായി. 2009-ൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് പ്ലാനിൽ മാറ്റംവരുത്തിയ ശേഷമാണ് പുതിയ പാതയ്ക്ക് അനുമതിയായത്. ബജറ്റിൽ 30 കോടയോളംരൂപ ആദ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.