പേരാമ്പ്ര ബൈപ്പാസ് നിര്‍മാണം: സര്‍വേ തുടങ്ങി
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് നിര്‍മാണത്തിന് കരാറെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രാരംഭനടപടി തുടങ്ങി. റോഡ് കടന്നുപോകുന്ന ഭാഗത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റി റോഡിന്റെ വീതി കൃത്യമായി അടയാളപ്പെടുത്താനായി സര്‍വേ നടപടിയാണ് നടക്കുന്നത്. നേരത്തേ സര്‍വേ നടത്തി ഇരുഭാഗത്തും കല്ലിട്ടതാണ്. ഇത് ഒന്നുകൂടി ഉറപ്പാക്കുന്നതിനാണ് വീണ്ടും പരിശോധന നടത്തുന്നത്. ലോക്ഡൗണായതിനാലാണ് ടെന്‍ഡര്‍ കഴിഞ്ഞിട്ടും തുടര്‍നടപടി വൈകിയത്.
പേരാമ്പ്ര എല്‍.ഐ.സി.ക്ക് സമീപത്ത് നിന്ന് തുടങ്ങി കക്കാടുവരെ എത്തുന്ന വിധത്തില്‍ 2.73 കിലോമീറ്റര്‍ ദൂരത്തിലാണ് പാത. 12 മീറ്റര്‍ വിതിയുള്ള പാതയില്‍ ഏഴ് മീറ്റര്‍ വീതിയിലാണ് ടാര്‍ റോഡുണ്ടാകുക.
18.58 കോടിയുടെ അടങ്കലുള്ള റോഡ് നിര്‍മാണം ഒന്നര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. സ്ഥലമെടുപ്പടക്കം 99.15 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബി അനുവദിച്ചത്. പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി 14-ന് നടന്നിരുന്നു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. മേഞ്ഞാണ്യം, എരവട്ടൂര്‍ വില്ലേജില്‍ 3.7534 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ് ബൈപ്പാസിനായി ഏറ്റെടുത്തത്.