പേരാമ്പ്ര ബൈപാസ് പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു


പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന പേരാമ്പ്ര ബൈപാസിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. 2.79 കിലോ മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി ആധുനിക രീതിയില്‍ ഇരട്ടവരിയായാണ് ബൈപാസ് റോഡ് നിര്‍മ്മിക്കുന്നത്. ഏഴ് മീറ്ററാണ് ടാറിംഗ് വീതി. ബാക്കിഭാഗം കാല്‍നടയാത്രാ സൗകര്യം ഒരുക്കുന്നതിനും ഡ്രെയിനേജ് സംവിധാനത്തിനും വേണ്ടിയുള്ളതാണ്.

പേരാമ്പ്രയുടെ വികസനത്തിനായി ഒന്നര പതിറ്റാണ്ട് മുന്‍പ് വിഭാവനം ചെയ്ത ബൈപാസ് പദ്ധതി ഒട്ടേറെ തടസ്സങ്ങള്‍ നേരിട്ടാണ് പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തിലേക്ക് എത്തിയത്. 58.29 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നല്‍കിയിട്ടുണ്ട്.

പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഉദ്ദേശിച്ചുള്ള പദ്ധതി ഏറെ പ്രതിസന്ധികളെ നേരിട്ട് നിര്‍മാണത്തിന്റെ പ്രാരംഭഘട്ടത്തിലെത്താന്‍ കഴിഞ്ഞത് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ മുന്‍ എം.എല്‍.എമാരായ കെ കുഞ്ഞഹമ്മദും എ.കെ പത്മനാഭന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ നിരന്തര ഇടപെടല്‍ കാരണമാണ്.